Friday, 25th April 2025
April 25, 2025

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് മറിഞ്ഞ് റോഡില്‍ കിടന്നത് മണിക്കൂറുകള്‍; ഒടുവില്‍ രക്തം വാര്‍ന്ന് ദാരുണമരണം

  • January 2, 2020 11:00 am

  • 0

തിരുവനന്തപുരം: അര്‍ധരാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പെട്ട് ആരുടേയും ശ്രദ്ധപതിയാതെ കിടന്നത് മണിക്കൂറുകള്‍. ഒടുവില്‍ രാവിലെയോടെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിച്ചു. വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂര്‍ കോളനിയില്‍ എസ് സന്തോഷ് കുമാറാണ്(40) മരിച്ചത്. രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് അര്‍ധരാത്രിയില്‍ അപകടത്തില്‍പ്പെട്ട സന്തോഷ് കുമാറിനെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിക്കുമ്ബോഴും ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. രക്തം വാര്‍ന്നാണ് മരിച്ചത്ഒരു മണിക്ക് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് പത്തുകിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ അപകടം സംഭവിച്ചത്. ദര്‍പ്പ പാലത്തിനു സമീപം കൊടും വളവില്‍ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണു പോലീസ് നിഗമനം.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ ഉടന്‍ പോലീസ് എത്തി വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഡ്യൂട്ടിക്കു ശേഷം രാവിലെ മാത്രമേ വീട്ടിലെത്തൂവെന്ന് അറിയിച്ചിരുന്നതിനാല്‍ വീട്ടുകാരും രാത്രി അന്വേഷിച്ചിരുന്നില്ല. പക്ഷേ സന്തോഷ് രാത്രി തന്നെ പുറപ്പെടുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. ശ്രീജയാണ് ഭാര്യ. മക്കള്‍ ദേവിക, ഭൂമിക, ശ്രീക്കുട്ടന്‍. മൃതദേഹം വിതുര പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.