
യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ച് ലോകകേരള സഭയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം
January 2, 2020 9:59 am
0
തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്കരിച്ച ലോക കേരളസഭയെ അഭനന്ദിച്ച് രാഹുല്‍ ഗാന്ധി. കത്തിലൂടെയാണ് രാഹുല്‍ തന്‍റെ അഭിനന്ദനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോകകേരളസഭയെന്ന് രാഹുല്‍ കത്തില്‍ അഭിപ്രായപ്പെട്ടു. 47 രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനത്തില്‍ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു ആദ്യ സമ്മേളനത്തിനുണ്ടായിരുന്നത്.
ലോക കേരളസഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്തു പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്നു ലോക കേരളസഭയില്‍ നിന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎല്‍എമാരും നേരത്തേ രാജിവച്ചിരുന്നു. ആ അവസരത്തിലാണ് ഇപ്പോള്‍ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ലോകകേരള സഭയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയത്. രാഹുലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദിയും പറഞ്ഞു.