Friday, 25th April 2025
April 25, 2025

കളക്ടറേറ്റില്‍ എട്ടു കവറുകളിലായി ‘അജ്ഞാത കേക്കുകള്‍’ ; കൊണ്ടുവെച്ചത് പര്‍ദയണിഞ്ഞ സ്ത്രീയെന്ന് വെളിപ്പെടുത്തല്‍ ; പരിഭ്രാന്തിയില്‍ ജീവനക്കാര്‍

  • December 30, 2019 1:54 pm

  • 0

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളില്‍ കേക്കുകള്‍. ആഴ്ചയിലെ അവസാന ദിവസത്തെ ജോലിയും കഴിഞ്ഞു സ്ഥലം വിടാനൊരുങ്ങവേയാണ് താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്ത് ജീവനക്കാര്‍ അജ്ഞാത കേക്ക് കണ്ടെത്തുന്നത്. ഇതോടെ ഇത് ആരുടേതാണെന്ന് കണ്ടെത്താനുള്ള പരക്കംപായലായി.

ആരാണ് കേക്ക് വെച്ചതെന്ന് ആര്‍ക്കും അറിയില്ല. വൈകിട്ട് മൂന്നരയോടെ പര്‍ദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാര്‍ പറഞ്ഞു. അവര്‍ എന്തോ ആവശ്യത്തിനു വന്നപ്പോള്‍ തല്‍ക്കാലത്തേക്കു കവര്‍ മേശപ്പുറത്തു വച്ചതാണെന്നാണ് കണ്ടവര്‍ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണ് വന്നതെന്നും, അതില്‍ തന്നെ തിരിച്ചു പോയി എന്നും ചിലര്‍ വെളിപ്പെടുത്തിഅതോടെ കേക്കില്‍ ദുരൂഹതയേറി.

കലക്ടര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് എഡിഎം റോഷ്ണി നാരായണനെ ജീവനക്കാര്‍ കാര്യം അറിയിച്ചു. അവര്‍ പൊലീസിനു വിവരം നല്‍കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറയില്‍ നോക്കി ആളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും, ആ ശ്രമം വിഫലമായി. ആ ഭാഗത്തൊന്നും ക്യാമറ സംവിധാനം ഇല്ലാത്തതാണ് തിരിച്ചടിയായത്. പൂവാട്ടുപറമ്ബിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കാണെന്ന് പരിശോധനയില്‍ വ്യക്തമായി. അവസാനം സാംപിള്‍ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു.

അതിനിടെ, ഉച്ചയോടെ മെഡിക്കല്‍ പൊലീസ് സ്‌റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു. അവിടെ കേക്ക് സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെ, കലക്ടറേറ്റില്‍ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു. പൂവാട്ടുപറമ്ബിലെ ബേക്കറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി. സ്ത്രീ പെരുവയല്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മധുരം നല്‍കാന്‍ തീരുമാനിച്ചതാണെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണത്തിലാണ്.