തണലില്‍ ഒരു തുണ ; കൊച്ചനിയനും ലക്ഷ്മിയമ്മാളും പുതുജീവിതത്തിലേക്ക്
December 28, 2019 7:00 pm
0
തൃശൂര്‍ ‘രാമവര്‍മപുരം ഗവ. വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന്‍ വയസ്സ് 67, ലക്ഷ്മിയമ്മാള്‍ വയസ്സ് 66 എന്നിവര്‍ തമ്മിലുള്ള വിവാഹം കൊല്ലവര്‍ഷം 1195 ധനു 12ന് (2019 ഡിസംബര്‍ 28) രാവിലെ 11 മണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും‘– ഇത് സര്‍ക്കാര്‍ ചെലവില്‍ അച്ചടിച്ച ആദ്യത്തെ വിവാഹക്ഷണക്കത്ത്. ജീവിക്കാന്‍ തണലേകിയ സര്‍ക്കാര്‍, ഒന്നിച്ചു ജീവിക്കാനും അവസരമൊരുക്കിയപ്പോള്‍ കൊച്ചനിയനും ലക്ഷ്മിയമ്മാളും പുതുജീവിതത്തിലേക്ക്. സര്‍ക്കാര്‍ വ്യദ്ധസദനത്തിലെ ആദ്യവിവാഹത്തിന് ശനിയാഴ്ച രാമവര്‍മപുരം വ്യദ്ധസദനം സാക്ഷ്യം വഹിക്കും.
തൃശൂര്‍ പഴയനടക്കാവ് സ്വദേശിനി ലക്ഷ്മിയമ്മാള്‍ പതിനാറാം വയസ്സില്‍ പാചകസ്വാമിയെന്ന് അറിയപ്പെട്ട നാല്‍പ്പത്തെട്ടുകാരനായ കൃഷ്ണയ്യരെ വിവാഹം കഴിച്ചിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ നാഗസ്വരം വായനക്കാരനായിരുന്ന കൊച്ചനിയന് ഇരുവരുമായും ക്ഷേത്രത്തില്‍ വച്ച് തന്നെ സൗഹൃദമുണ്ടായിരുന്നു. പിന്നീട് സ്വാമിയുടെ പാചകസഹായിയായി മാറി. 20 വര്‍ഷം മുമ്ബ് കൃഷ്ണസ്വാമി മരിച്ചു. മക്കളില്ലാതെ ഒറ്റയ്‌ക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്ബ് ഭാര്യ മരിച്ചു. ഒന്നര വര്‍ഷം മുമ്ബാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തിയത്. കൊച്ചനിയന്‍ അമ്മാളെ കാണനെത്താറുണ്ട്. ഇതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. ഇവിടെവച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് രണ്ടു മാസം മുമ്ബാണ് രാമവര്‍മപുരത്ത് എത്തിച്ചത്.
ഇരുവരുടെയും സ്നേഹം കണ്ടാണ് വിവാഹസാധ്യത തേടിയതെന്ന് രാമവര്‍മപുരം വൃദ്ധസദനം സൂപ്രണ്ട് വി ജി ജയകുമാര്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജുഭാസ്കറിന്റെ സാന്നിധ്യത്തില്‍ ആഗസ്‌ത് 30ന് തിരുവനന്തപുരത്ത് ചേര്‍ന്ന വൃദ്ധസദനം സൂപ്രണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം. താമസിക്കാന്‍ കപ്പിള്‍ റൂം വേണമെന്നും നിര്‍ദേശിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ വൃദ്ധസദനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ആദ്യ വിവാഹമായിരിക്കുമിത്.