Friday, 25th April 2025
April 25, 2025

നടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജി

  • December 28, 2019 3:00 pm

  • 0

കൊച്ചി: പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപ് വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി അനുമതിയോടെ നടി ആക്രമിക്കപ്പെടുന്ന വീഡിയോ കണ്ട ശേഷമാണ് ദിലീപിന്റെ പുതിയ ഹര്‍ജി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ കണ്ടതില്‍ നിന്ന് ലഭിച്ച ചില വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഹര്‍ജി നല്‍കിയത് എന്നാണ് വിവരം.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ 2017ലാണ് നടി കാറില്‍ ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ കേസില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന വിവരം പോലീസിന് ലഭിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്….

ദിലീപിന്റെ ആവശ്യം

വെള്ളിയാഴ്ചയാണ് ദിലീപ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഈ മാസം 20ന് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നു. ദിലീപിന്റെ അഭിഭാഷകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരും വീഡിയോ പരിശോധിച്ചു.

നിര്‍ണായക തെളിവ്

കേസിലെ നിര്‍ണായക തെളിവാണ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍. ഇതില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ നേരത്തെയുള്ള വാദം. വിശദമായ പരിശോധനയ്ക്ക് വീഡിയോ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളി. തുടര്‍ന്നാണ് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയത്.

മറ്റു നാലു പ്രതികളും

നടി ആക്രമിക്കപ്പെടുന്ന വേളയില്‍ പ്രതികളില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോ ആണിതെന്ന് പോലീസ് പറയുന്നു. വീഡിയോ ആധികാരികമല്ല എന്നാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം. മറ്റു നാലു പ്രതികളും അവരുടെ അഭിഭാഷകരും രംഗങ്ങള്‍ പ്രത്യേകം പരിശോധിച്ചിരുന്നു. ദിലീപ് 20നും മറ്റു പ്രതികള്‍ 26നുമാണ് പരിശോധിച്ചത്.

പ്രാഥമിക വാദം കേള്‍ക്കല്‍

കേസിലെ പ്രാഥമിക വാദം കേള്‍ക്കല്‍ ഈ മാസം ആദ്യത്തില്‍ നടന്നിരുന്നു. പിന്നീട് പ്രതികള്‍ ദൃശ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞാഴ്ച വിവിധ ഘട്ടങ്ങളിലായി കൊച്ചിയിലെ കോടതി മുറിയില്‍ പരിശോധന നടത്തിയത്.

കോടതി ശുദ്ധിപത്രം നല്‍കും

ഒരുവേളയില്‍ തനിക്ക് കോടതി ശുദ്ധിപത്രം നല്‍കുമെന്നാണ് ദിലീപിന്റെ വിശ്വാസം. കേസില്‍ 16 പ്രതികളാണുള്ളത്. ദിലീപിന് പുറമെ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ് എന്നീ പ്രതികളാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. അവരുടെ അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. അതിന് ശേഷമാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

31ന് കോടതി പരിഗണിക്കും

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ പുതിയ ഹര്‍ജി ഡിസംബര്‍ 31ന് കോടതി പരിഗണിക്കും. 2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. അതേവര്‍ഷം ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപിന്റെ ഹര്‍ജി തള്ളിയാല്‍

വിചാരണ കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്. എന്നാല്‍ നേരത്തെ കേസ് പരിഗണിച്ചിരുന്ന സുപ്രീംകോടതി ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിചാരണ വൈകിപ്പിക്കുകയാണ് പ്രതികള്‍ ചെയ്യുന്നത് എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.