Thursday, 24th April 2025
April 24, 2025

മുല്ലപ്പള്ളി പറഞ്ഞത് ശരി, ഉമ്മന്‍ ചാണ്ടി പറഞ്ഞതും ശരി; പൗരത്വ നിയമത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്കു സമരം നടത്തുമെന്ന് ചെന്നിത്തല

  • December 24, 2019 6:00 pm

  • 0

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം എങ്ങനെ വേണമെന്നതില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്ക് സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെക്കുറിച്ച്‌, സമരത്തിന്റെ ലക്ഷ്യമാണ് പ്രധാനമെന്ന് ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ 29ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പങ്കെടുക്കും. യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് പറയുംഅതിനു ശേഷമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എങ്ങനെ പറയാനാവുമെന്ന് ചെന്നിത്തല ചോദിച്ചു.

രാജ്യത്ത് ബിജെപിക്കെതിരെ വളര്‍ന്നുവരുന്ന വികാരത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. സമരത്തിന്റെ ലക്ഷ്യമാണ് പ്രധാനം. അതേസമയം കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണന്ന കെപിസിസി പ്രസിഡന്റിന്റെയും കെ മുരളീധരന്റെയും വാദവും ശരിയാണ്. കെപിസിസി പ്രസിഡന്റ് ആണ് കേരളത്തിലെ കോണ്‍ഗ്രസിലെ അവസാന വാക്ക്. അദ്ദേഹവുമായി ഒരു ആശയക്കുഴപ്പവുമില്ല. ഒരുമിച്ച്‌ സമരം ചെയ്തതിനെ അനുകൂലിച്ചുകൊണ്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ വാദവും ശരിയാണ്. സമരത്തിന്റെ ലക്ഷ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ അഭിപ്രായ ഭിന്നത ഒന്നുമില്ല. അങ്ങനെ ഉണ്ടെന്നു വരുത്താന്‍ സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയത് ശരിയായില്ല. 31ന് യുഡിഎഫ് യോഗം ചേര്‍ന്ന് വമ്ബിച്ച സമര പരിപാടികള്‍ക്കു രൂപം നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടയാളാണ് ഗവര്‍ണര്‍. രാഷ്ട്രീയ നേതാവിനെപ്പോലെയല്ല ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇരിക്കുന്ന സ്ഥാനത്തിന്റെ ഔന്നത്യം മാനിച്ചുകൊണ്ടാവണം ഗവര്‍ണര്‍ അഭിപ്രായം പറയേണ്ടത്. കേരളത്തില്‍ ബിജെപി ഒഴികെയുള്ള എല്ലാവരും എതിര്‍ക്കുന്ന നിയമത്തെ വാശിയോടെ പിന്തുണയ്ക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. നരേന്ദ്രമോദിയേക്കാള്‍ വാശിയോടെ ഗവര്‍ണര്‍ നിയമത്തെ അനുകൂലിക്കുന്നതില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ അഭിപ്രായം പറയാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തോട് തനിക്ക് അങ്ങേയറ്റം എതിര്‍പ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.