Thursday, 24th April 2025
April 24, 2025

പുറ്റിങ്ങല്‍ വെടിക്കെട്ട്; കരാറുകാര്‍ മുതല്‍ ജില്ലാ ഭരണകൂടം വരെ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

  • December 24, 2019 4:00 pm

  • 0

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്.

കൊല്ലം മുന്‍ എംപി പീതാംബരക്കുറിപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വെടിക്കെട്ടിന് അനധികൃതമായി അനുമതി വാങ്ങി നല്‍കിയത് പീതാംബരക്കുറുപ്പ് ആണ്. വെടിക്കോപ്പുകള്‍ പരിശോധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. പൊലീസ് വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടും സ്ഥലം സന്ദര്‍ശിച്ച എസിപി നടപടി സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വെടിക്കെട്ടിന് ലൈസന്‍സ് ലഭിക്കുന്നതിനു മുന്‍പ് തന്നെ ക്ഷേത്രത്തിലും പരിസരത്തും വ്യാപകമായി വെടിക്കോപ്പുകള്‍ ശേഖരിച്ചിരുന്നു. 75 പൊലീസുകാരെ വെടിക്കോപ്പുകളുടെ സംരക്ഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ 35 പേര്‍ മാത്രമാണ് സ്ഥലത്ത് പരിശോധനയ്ക്കും സംരക്ഷണത്തിനുമായി ഉണ്ടായിരുന്നത്. പ്രദേശത്തെ സിഐ, എസ്‌ഐ, എഡിഎം എന്നിവര്‍ അനധികൃത വെടിക്കെട്ടിന് നിശബ്ദമായി അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യത്തിന് സ്ഥലം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നില്ല. വെടിക്കെട്ട് നടക്കുമ്ബോള്‍ ആളുകള്‍ തിങ്ങിനിറഞ്ഞ് നിന്നിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. പൊലീസുമായി സഹകരിച്ച്‌ നീങ്ങാന്‍ ജില്ലാ ഭരണകൂടം തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.