തോമസ് ചാണ്ടിക്ക് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഇന്ന്
December 24, 2019 8:43 am
0
കൊച്ചി: മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി എംഎല്‍എയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ എത്തിയത് നൂറുകണക്കിനാളുകള്‍. കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം വൈറ്റിലയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്നലെ ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
മന്ത്രിമാരായ ഇ.പി. ജയരാജന്, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്, എംഎല്‍എമാരായ മാണി സി. കാപ്പന്, ജോണ്‍ ഫെര്‍ണാണ്ടസ്, എന്‍സിപി ദേശീയ സെക്രട്ടറി ടി.പി. പീതാംബരന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്, സംസ്ഥാന സെക്രട്ടറിമാരായ സുള്‍ഫിക്കര്‍ മയൂരി, സുഭാഷ് പുഞ്ചക്കോട്ടില്‍, ജയന് പുത്തന്‍പുരയ്ക്കല്‍, വി.ജി. രവീന്ദ്രന്, സലിം പി. മാത്യു, ജില്ലാ പ്രസിഡന്റ് എം.എം. അശോകന്, എന്‍വൈസി സംസ്ഥാന പ്രസിഡന്റ് ഷെനിന് മന്ദിരാട്, കോണ്‍ഗ്രസ് നേതാക്കളായ കെ.ബാബു, ജോസഫ് വാഴയ്ക്കന്, അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്മാന് ബി. രവികുമാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എ.വി. ഗോപിനാഥന് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കുവൈറ്റ് മുന്‍ പാര്‍ലമെന്റ് അംഗം ജാസിം അല്‍ നൂസിഫും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
ആലപ്പുഴയിലെ പൊതുദര്‍ശനത്തിനു ശേഷം ഭൗതികശരീരം വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്കു 12 വരെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം. തുടര്‍ന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍. 2 ന് ചേന്നങ്കരി സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയിലെത്തിച്ച് 2.30നു സംസ്കാരം. 3 ന് പള്ളിയില്‍ അനുശോചന യോഗം.