Thursday, 24th April 2025
April 24, 2025

‘ഓണ്‍ലൈന്‍ വഴി പിഞ്ചു പെണ്‍കുട്ടികളെ വിറ്റു; ചുംബനസമരക്കാരായ രശ്മിയും രാഹുല്‍ പശുപാലനും നടത്തിയത് ലൈംഗിക വ്യാപാരം’; പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

  • December 23, 2019 8:00 pm

  • 0

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസില്‍ ചുംബനസമരനേതാക്കളും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഇന്നു രാവിലെയാണ് ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്ബ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സംഘത്തെ നെടുമ്ബാശേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് ഇവര്‍ കുട്ടികളെ അടക്കം ചൂഷണം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികള്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. 2015ലാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത്. ഐ ജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയത്.

രാത്രി നടത്തിയ റെയ്‌ഡിൽ 15 പേരാണ് പിടിയിലായത്. കൊല്ലം സ്വദേശി രാഹുല്‍ പശുപാലന്‍ (29), ഭാര്യ രശ്മി ആര്‍ നായര്‍(27), കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍(അക്ബര്‍-31), കൊല്ലം നെടുമ്ബന സ്വദേശി രാഹുല്‍(29), എറണാകുളം സ്വദേശി അജീഷ്(21), പാലക്കാട് സ്വദേശി ആശിഖ്(34) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഈ സംഘത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം സ്വദേശി ഉമ്മര്‍, പാലക്കാട് സ്വദേശി വിജേഷ്, തൃശൂര്‍ സ്വദേശി സുജിത്ത്, എറണാകുളം സ്വദേശി സോണി കുര്യന്‍, കോഴിക്കോട് സ്വദേശി ചന്ദ്രകുമാര്‍, പ്രദീപ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പിടിയിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇതാണ് കുറ്റപത്രം പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കാന്‍ കാരണം.

കേസില്‍ അബ്ദുല്‍ ഖാദറാണ് മുഖ്യപ്രതി. ബംഗളുരുവില്‍ നിന്നും പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച യുവതിയാണ് രണ്ടാം പ്രതി. രാഹുല്‍ പശുപാലന്‍ മൂന്നാം പ്രതിയാണ്. ഇടപാടിനായി ബംഗളൂരുവില്‍നിന്നെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇവരെ നിര്‍ഭയയിലേക്ക് മാറ്റിയിരുന്നു. ഫേസ് ബുക്കിലെ കൊച്ചു സുന്ദരികള്‍എന്ന കമ്മ്യൂണിറ്റി പേജുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് ചുംബന സമര നായകനിലേക്കും ഭാര്യയിലേക്കും എത്തിയത്. കുപ്രസിദ്ധ ഗുണ്ടാതലവനും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്‍ ഖാദര്‍ ആണ് കൊച്ചു സുന്ദരികള്‍എന്ന പേജിലെ മുഖ്യ കണ്ണിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വാണിഭം നടക്കുന്നുണ്ടെന്ന് ഉറപ്പായതോടെ പോലീസുകാര്‍ ആവശ്യക്കാരെന്ന വ്യാജേനെ മുഖ്യപ്രതി അക്ബറുമായി ബന്ധപ്പെടുകയായിരുന്നു.

ഇവര്‍ ആവശ്യപ്പെട്ടപ്പോള്‍ അക്ബര്‍, രശ്മിയുടെ ഫോട്ടോയാണ് ആദ്യം കാണിച്ചത്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ള രശ്മിയുടെ പല ചിത്രങ്ങളും ഇതോടൊപ്പം കാണിച്ചു. കൂടുതല്‍ പേരെ ആവശ്യപ്പെട്ടപ്പോഴാണ് മറ്റ് നാല് പേരുടെ ചിത്രങ്ങളും കാണിച്ചത്. അഞ്ച് പേര്‍ക്കുമായി ഒരു രാത്രിക്ക് നാല് ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും രശ്മിക്കുമായിരുന്നു കൂടുതല്‍ തുകയാണ് പറഞ്ഞത്.

അക്ബറിന്റെ ഭാര്യ മുബീനയും കൂട്ടത്തിലുണ്ടായിരുന്നു. പോലീസുകാര്‍ നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം നെടുമ്ബാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലില്‍ വാണിഭത്തിനായി ഇവര്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഭര്‍ത്താവ് രാഹുല്‍ പശുപാലനും മകനുമൊപ്പമാണ് രശ്മി എത്തിയത്. മൂന്ന് ഘട്ടങ്ങളിലായാണ് വാണിഭത്തിനുള്ളവരെ ഹോട്ടലില്‍ എത്തിക്കാമെന്നേറ്റിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ബംഗളൂരുവില്‍നിന്നും കാറിലെത്തിയ രണ്ട് പേര്‍ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ അക്ബറിന്റെ ഭാര്യ മുബീനയും മറ്റൊരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. രക്ഷപ്പെടലിനിടെ ഇവര്‍ പോലീസുകാരെ കാറിടിച്ച്‌ പരുക്കേല്‍പ്പിക്കാനും ശ്രമിച്ചിരുന്നു.