Thursday, 24th April 2025
April 24, 2025

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവം, വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഫൊറന്‍സിക് ഫലം

  • December 23, 2019 2:50 pm

  • 0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

വേഗം കൃത്യമായ കണക്കാക്കാന്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം വേണമെന്ന് ഫൊറന്‍സിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറി കഴിഞ്ഞു.

ഫിസിക്സ് വിഭാഗത്തില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടും സീറോളജി, ഡി.എന്‍.. വിഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുമാണ് അന്വേഷണ സംഘത്തിന് ലാബ് അധികൃതര്‍കൈമാറിയിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തില്‍ കണ്ടെത്തിയ രക്തം അപകടത്തില്‍ മരിച്ച കെ.എം. ബഷീറിന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. വേഗം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് എന്‍..ബി.എല്‍. അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരമാണ് തയ്യാറാക്കേണ്ടത്. അതുമാത്രമാണ് ഇനി നല്‍കാനുള്ളത്.

ഫൊറന്‍സിക് ലാബില്‍നിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസില്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ വിശദീകരണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ പബ്ലിക് ഓഫീസിനു മുന്നില്‍വെച്ച്‌ കെ.എം. ബഷീര്‍ സഞ്ചരിച്ച വാഹനത്തിലിടിച്ചത്. വാഹനമോടിച്ചിരുന്നത് ശ്രീറാമാണെന്നും അദ്ദേഹം മദ്യ ലഹരിയിലായിരുന്നു എന്നുമാണ് വഫ ഫിറോസിന്‍റെ മൊഴി. അപകടം നടന്നപ്പോള്‍ ശ്രീറാമിനൊപ്പം വഫ ഫിറോസും കാറില്‍ ഉണ്ടായിരുന്നു.