പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം
December 23, 2019 1:50 pm
0
കോഴിക്കോട്: പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി പരാതി. ലോക്കോ പൈലറ്റാണ് പരാതി ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ വടകര അയിനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപതോളം ക്ലിപ്പുകളാണ് വേര്‍പ്പെട്ട നിലയില്‍ ഉളളത്. കൂടാതെ പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തി വെച്ചതായും കണ്ടെത്തി.
ശനിയാഴ്ച മംഗലാപുരത്തേക്കുള്ള യാത്രയിലാണ് ട്രെയിന്‍ പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. ട്രെയിന്‍ നന്നായി ഇളകിയതായും പൈലറ്റ് പറഞ്ഞു. ഇതോടെ തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ട്രെയിന്‍ അപകടപ്പെടുത്താന്‍ തന്നെയായിരുന്നു ശ്രമം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പിന്നില്‍ ആരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.