പുതുവൈപ്പ് ഐഒസി പ്ലാന്റില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു
December 21, 2019 2:50 pm
0
കൊച്ചി : പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ എല്‍പിജി ചെര്‍മിനലിനെതിരെ സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ബലം പ്രയോഗത്തിലൂടെയാണ് നീക്കിയത്. ടെര്‍മിനല്‍ വിരുദ്ധ സമിതി നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്തുമണിയോടെ കോച്ചുമുക്ക് ജംങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കുട്ടികളടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.
കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലും തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഐഒസി ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചത്. എന്നാല്‍ ജനവാസകേന്ദ്രത്തില്‍ പദ്ധതി അനുവദിക്കാനാവില്ലെന്നതാണ് സമരസമിതിയുടെ നിലപാട്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി പുതുവൈപ്പ് പദ്ധതിയുടെ നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഒമ്ബതു വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാനായത്.
കനത്ത നഷ്ടമാണ് ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഉണ്ടായതെന്നാണ് വാദം. ഇക്കാരണത്താലാണ് പോലീസ് സുരക്ഷയില്‍ നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചതും അര്‍ധരാത്രി കഴിഞ്ഞ് രണ്ട് മണിയോടെ ജില്ലാ കലക്ടര്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരാഴ്ചയായി നടത്തിവന്ന മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം തിങ്കളാഴ്ച ആരംഭിക്കാന്‍ തീരുമാനമായത്.