ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
December 18, 2019 4:50 pm
0
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ശശി തരൂരും വി മധുസൂദനന്‍ നായരും അര്‍ഹരായി. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്‘ എന്ന കാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്‌കാരം.
ഡോ. ചന്ദ്രമതി, എന്‍.എസ്. മാധവന്‍, പ്രൊഫ. എം. തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത്. സച്ചിദാനന്ദന്‍ ഉള്‍പ്പെട്ട ജൂറിയാണ് ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരം നിര്‍ണയിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തില്‍ അച്ഛന്‍ മക്കളെയും കൊണ്ടു നടത്തുന്ന മാനസസഞ്ചാരമാണ് ‘അച്ഛന്‍ പിറന്ന വീട്‘എന്ന കൃതിയുടെ പ്രമേയം.ശശി തരൂരിന്റെ ഏന്‍ ഇറ ഓഫ് ഡാര്‍ക്കനെസ് എന്ന പുസ്തകം ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകള്‍ തുറന്നുകാട്ടുന്നതാണ്.