വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ: മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച് നടി അനശ്വര രാജന്‍
December 18, 2019 1:50 pm
0
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ ‘ധരിക്കുന്ന വസ്ത്രം കൊണ്ട് തിരിച്ചറിയാം‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് നടി അനശ്വര രാജന്‍. പര്‍ദ്ദ ധരിച്ചുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അനശ്വര പ്രധാനമന്ത്രിയുടെ വിവേചനപരമായ പ്രസ്താവനയ്ക്ക്തിരെ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മോദിയുടെ പ്രസ്താവനയെ സൂചിപ്പിച്ചുകൊണ്ട് ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ‘ എന്ന ക്യാപ്‌ഷനും അനശ്വര നല്‍കിയിട്ടുണ്ട്. ഇതിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് യുവനടി. ‘റിജെക്റ്റ് സി.എ.ബി‘ എന്ന ഹാഷ്ടാഗും അനശ്വര പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് അനശ്വര രാജന്‍.
മുന്‍പ്, മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ്, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയ അഭിനേതാക്കള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയും, അതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തിനെതിരെയും നിലപാടെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് വിവിധ സംഘടനകള്‍ ഇന്നലെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ളിമിതര ന്യൂനപക്ഷങ്ങളെ ഇന്ത്യന്‍ പൗരന്മാരാകാന്‍ അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.