Wednesday, 22nd January 2025
January 22, 2025

ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും; ‘ഓപ്പറേഷന്‍ രുചി’യുമായി ആരോഗ്യവകുപ്പ്

  • December 14, 2019 3:50 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഓപ്പറേഷന്‍ രുചിഎന്ന പേരില്‍ ഒരു പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്.

ആര്‍ദ്രം ജനകീയ കാമ്ബയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ഇതിനായി 43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളും ഉണ്ടാകും.

ഇത്തരം പരിശോധനകളിലൂടെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കേക്കുകളിലും മറ്റ് മധുരപലഹാരങ്ങളിലും ചേര്‍ക്കുന്നത അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, കൃത്രിമ കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചത്. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ നിയമാനുസൃതമല്ലാതെ ഉപയോഗിക്കുന്നതും ഇവ ചേര്‍ത്ത് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പെടെ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരീക്ഷിക്കുന്നതാണ്. മാത്രമല്ല കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്ബരായ 18004251125 എന്ന നമ്ബരിലോ foodsafetykerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കാം.