
കിണ്ണത്തപ്പം ഇനി ചുടേണ്ട; ടി പി കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു
December 14, 2019 12:50 pm
0
തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു. ‘തലശേരി കിണ്ണത്തപ്പം‘ ഉണ്ടാക്കാന്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി രാത്രി ഏഴു മണിയോടെ ഇവരെ സെല്ലില്‍ കയറ്റുന്നുണ്ട്.
പ്രതികള്‍ രാത്രി ഏറെ വൈകി കിണ്ണത്തപ്പ നിര്‍മ്മാണത്തിന്റെ പേരില്‍ ജയിലിന് പുറത്ത് ചിലവഴിക്കുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലധികൃതര്‍ ഇവരുടെ രാത്രി സഞ്ചാരം കുറച്ചത്. ഇവരെ ഒന്നിച്ച് സെല്ലില്‍ പാര്‍പ്പിക്കാനോ ഒരുമിച്ച് പുറത്തിറക്കാനോ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തി ആയിരുന്നു ഇവരുടെ സഞ്ചാരം. ജയിലധികൃതര്‍ അതിന് ഒത്താശയും നല്‍കിയിരുന്നു.
മറ്റ് തടവുകാര്‍ക്ക് ബാധകമായ ആറുമണി സമയം ഇവര്‍ക്ക് കര്‍ശനമായി നടപ്പാക്കിയിട്ടില്ല.
ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ്, എസ് സിജിത്ത്, എം സി അനൂപ് എന്നിവരെയാണ് ജയില്‍ നിയമങ്ങള്‍ ലംഘിച്ച് വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്. കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അന്ത്യേരി സുരയും ഇവരെ സഹായിക്കാന്‍ പുറത്തിറങ്ങുന്നു.
ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികള്‍ക്കിറക്കി വൈകിട്ട് മൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‍വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല. കിണ്ണത്തപ്പം നിര്‍മ്മാണത്തിന്റെ മറവില്‍ ജയിലില്‍ ലഹരിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.