
ബീഫ് ഫ്രൈയില്‍ നിന്നും കിട്ടിയ എല്ല് പട്ടിയുടേതോ? നിഗൂഢതയ്ക്ക് അവസാനം; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്
December 12, 2019 3:50 pm
0
കല്‍പറ്റ: ബീഫ് ഫ്രൈയില്‍ നിന്നും ലഭിച്ച വിചിത്രമായ എല്ലിനെ ചുറ്റിപറ്റി പ്രചരിച്ച വിവാദങ്ങള്‍ക്ക് അവസാനമായി. ബീഫ് ഫ്രൈയിലെ ആ ‘വിവാദ‘ എല്ല് പോത്തിന്റേതു തന്നെയെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി സോഷ്യല്‍മീഡിയയില്‍ കറങ്ങി നടന്ന മെസേജിന് ഇതോടെ അവസാനമായിരിക്കുകയാണ്. കാട്ടിക്കുളത്തെ ഹോട്ടലിലെ ബീഫ് ഫ്രൈയിലെ എല്ലിനെ കുറിച്ചായിരുന്നു ഇക്കണ്ട വിവാദ പ്രചാരണങ്ങളെല്ലാം. ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ എല്ല് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ ലബോറട്ടറിയിലെ പരിശോധനയില്‍ തെളിഞ്ഞു. കാട്ടിക്കുളത്തെ ഹോട്ടലില്‍നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ മരക്കഷണത്തോടു സാമ്യമുള്ള എല്ല് കണ്ടെത്തിയതാണു വിവാദമായത്.
ബീഫ് ഫ്രൈയിലെ എല്ലിന്‍ കഷണം പോത്തിന്റേതല്ലെന്നും പട്ടിയിറച്ചിയുടേതാണെന്നും പലരും വാദിച്ചു. ഹോട്ടലുകളിലെ പട്ടിയിറച്ചി വില്‍പനയ്ക്കു തെളിവാണിതെന്നും ഇതോടെ ചിലരങ്ങ് ഉറപ്പിച്ചു. എല്ലിന്റെ വലുപ്പവും നീളവും നോക്കി ഇതു പട്ടിയുടെ എല്ലാണെന്ന് പ്രചാരണം കൊഴുക്കുകയും ചെയ്തു. പേ പിടിച്ച നായ്ക്കളുടെ വരെ മാസം ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഇതോടെ ആരോപണമുണ്ടായി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതിക്കാരനില്‍ നിന്നു രേഖാമൂലം മൊഴിയെടുക്കുകയും സാംപിള്‍ ശേഖരിക്കുകയും ചെയ്തു.
കഴിഞ്ഞ 4ന് സാംപിള്‍ മോളിക്യുലാര്‍ അനാലിസിസ് പരിശോധനയ്ക്കായി ഹൈദരാബാദിലേക്കയച്ചു. ഇന്നലെ ലഭിച്ച ഫലത്തില്‍ നിന്നും ഇറച്ചി പോത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ ദിവസങ്ങളോളം പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ഇതുപോലെ സങ്കീര്‍ണമായ പരാതിയില്‍ ഫലം നിര്‍ണയിക്കേണ്ടതു സമൂഹ മാധ്യമങ്ങളിലെ ചിത്രം മാത്രം കണ്ടല്ല. പരിമിതികളുണ്ടെങ്കിലും ഏതു പരാതിയും സമയബന്ധിതമായി പരിശോധിക്കാനുള്ള സംവിധാനം കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ട്. ഏതോ ഒരു വെറ്ററിനറി ഡോക്ടര്‍, ബീഫ് ഫ്രൈയിലെ എല്ല് പോത്തിന്റേതല്ലെന്ന് ശാസ്ത്രീയ പരിശോധന കൂടാതെ ഉപദേശം നല്‍കിയതാണു വലിയ വിവാദമാക്കിയത്െന്നും ഇത്തരം സന്ദേശങ്ങള്‍ സത്യമറിയാതെ ഷെയര്‍ ചെയ്യുന്നതു ബീഫ് കഴിക്കുന്നവരില്‍ പരിഭ്രമവും അറപ്പും ആശങ്കയും ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും വയനാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പിജെ വര്‍ഗീസ് പ്രതികരിച്ചു.