Thursday, 24th April 2025
April 24, 2025

സവാളയില്ലാതെ ബിരിയാണി; പ്രതിഷേധവുമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍

  • December 11, 2019 3:22 pm

  • 0

കണ്ണൂര്‍: ദിനംപ്രതി സവാളയ്ക്ക് വിലവര്‍ധിച്ചികൊണ്ടിരിക്കുകയാണ് അതിനാല്‍ ഈ വിലവര്‍ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍. കണ്ണൂരിലെ കാള്‍ടെക്‌സ് ജംഗ്ഷനിലായിരുന്നു ഈ വ്യത്യസ്തമായ പ്രതിഷേധം.

സവാളയില്ലാതെ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയായിരുന്നു പ്രതിഷേധം. ഉള്ളി ഇല്ലാതെയും ബിരിയാണി ഉണ്ടാക്കാം എന്ന ബോധവല്‍ക്കരണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സമരത്തിന് പിന്നിലുണ്ട്. സവാള ഇല്ലാതെ തക്കാളിയും, ഇറച്ചിയും മറ്റുചേരുവകളും ചേര്‍ത്ത് ബിരിയാണിക്കുള്ള മസാല തയ്യാറാക്കി. തുടര്‍ന്ന് അരി വെന്തുവരാനുള്ള സമയത്തിനിടയ്ക്ക് പ്ലക്കാര്‍ഡുകള്‍ നിരത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും സമരക്കാര്‍ പ്രതിഷേധം പരസ്യമാക്കി.

അരി പാകമായതോടെ തയ്യാറിക്കിവച്ചിരുന്ന ഇറച്ചിയും, മസാലയും ചേര്‍ത്ത് നല്ല തലശേരി ബിരിയാണിയുണ്ടാക്കി. തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കും വഴിയാത്രക്കാര്‍ക്കും ബിരിയാണി നല്‍കി. ഈ വില വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് പ്രതിഷേധത്തില്‍ അവര്‍ ഉന്നയിച്ചു.