Thursday, 24th April 2025
April 24, 2025

‘നായനാരുടെ കാര്‍’ ഇരുമ്പുവിലയ്ക്ക് വില്‍പ്പനയ്ക്ക്; ലേലത്തിനൊരുങ്ങുന്നത് 1998 മോഡല്‍ ബെന്‍സ്

  • December 10, 2019 12:50 pm

  • 0

ആലുവ: വര്‍ഷങ്ങളോളം കേരള സ്റ്റേറ്റ് നമ്ബര്‍ 1′ ആയി ഓടിയ 1998 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകള്‍ പേറുന്ന കാര്‍ ഇത് നാലാം വട്ടമാണ് ലേലത്തിനുവയ്ക്കുന്നത്.1996 – 2001കാലഘട്ടത്തില്‍ നായനാര്‍ മൂന്നാം തവണ മുഖ്യമന്ത്രിയായപ്പോള്‍ മൂന്നുവര്‍ഷത്തോളം ഈ കാര്‍ ഉപയോഗിച്ചിരുന്നു.

അംബാസഡര്‍ കാര്‍ ഇഷ്ടപ്പെട്ടിരുന്ന നായനാറോട് ഹൃദ്രോഗ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് അംബാസഡര്‍ മാറ്റി ബെന്‍സാക്കാന്‍ ഉപദേശിച്ചതു കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ പിന്‍ഗാമിയായി 2001ല്‍ മുഖ്യമന്ത്രിയായ എ കെ ആന്റണി പക്ഷെ ബെന്‍സ് കാര്‍ ഉപയോഗിച്ചില്ലഇതോടെ സംസ്ഥാന അതിഥികളായി എത്തിയ വിവിഐപികളുടെ സഞ്ചാരത്തിന് മാത്രമായി ഈ കാര്‍ ഉപയോഗിച്ചു. പക്ഷെ അറ്റകുറ്റപണികള്‍ക്കായി ലക്ഷങ്ങള്‍ ചിലവാക്കേണ്ട അവസ്ഥയായപ്പോള്‍ ബെന്‍സ് ഉപയോ​ഗം അവസാനിപ്പിച്ചു.

തിരുവനന്തപുരത്തു നിന്ന് ആലുവയില്‍ എത്തിച്ച ബെന്‍സ് ടൂറിസം വകുപ്പില്‍ നായനാരുടെ കാര്‍എന്നാണ് അറിയപ്പെടുന്നത്. കാര്‍ 7 വര്‍ഷമായി ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരിജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് ലക്ഷം രൂപ വിലയിട്ടു ലേലം ചെയ്തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ ഉപയോ​ഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാര്‍ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ചെളി കയറി എന്‍ജിന്‍ തകരാറിലായതിനാല്‍ ഓടിക്കാനാകാത്ത അവസ്ഥയിലാണ്. പൊളിച്ചു വില്‍പനക്കാരേ ഇനി കാര്‍ വാങ്ങാന്‍ സാധ്യതയുള്ളു എന്നതുകൊണ്ട് ഇരുമ്ബു വിലകണക്കാക്കിയാകും നാലാം ലേലത്തിനു തുക നിശ്ചയിക്കുക.