
സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു
December 9, 2019 2:22 pm
0
തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പ്രസ് ക്ലബില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച സദാചാര ഗുണ്ടായിസത്തിനെതിരെയാണ് സസ്‌പെന്‍ഷന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്നും സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
വനിതാ മാധ്യമപ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് രാധാകൃഷ്ണനെതിരെ പ്രസ് ക്ലബ് നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി ചേരും.പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് തയ്യാറായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും നേരത്തെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്.