Thursday, 24th April 2025
April 24, 2025

നിയമലംഘനങ്ങളുടെ കൂത്തരങ്ങായി ടൂറിസ്റ്റ് ബസ്സുകള്‍;വിനോദയാത്രക്കിടെ ബസിന് മുകളില്‍ പൂത്തിരിയും പടക്കവും കത്തിച്ച്‌ വിദ്യാര്‍ഥികള്‍

  • December 9, 2019 12:13 pm

  • 0

കോഴിക്കോട്:ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ നടപടി ശക്തമാകുന്നതിനിടയിലും ബസുകളിലെ സാഹസിക ആഘോഷങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബസിന്റെ മുകളില്‍ കയറിനിന്ന് പടക്കവും പൂത്തിരിയും മറ്റും കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോഴിക്കോട് ജില്ലയിലെ കോരങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളാണ് ബസിന് മുകളില്‍വെച്ച്‌ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുംഅപകടകരമായ രീതിയില്‍ പിറന്നാള്‍ ആഘോഷം നടത്തിയത്. സ്‌കൂളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രമധ്യേ ഡിസംബര്‍ ഒന്നാം തീയതിയാണ് ഈ വഴിവിട്ട ആഘോഷം അരങ്ങേറിയത്.

അതേസമയം, സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ നിയമലംഘനങ്ങളുടെ കൂത്തരങ്ങാകുകയാണെന്ന് ഗതാഗതമന്ത്രി എം.കെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തിനിയമാനുസൃതമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാവില്ല. എന്നാല്‍, തങ്ങള്‍ക്ക് ആരേയും ഭയമില്ലെന്ന കാഴ്ചപ്പാടാണ് ചിലര്‍ക്കുള്ളത്. ഇത് അനുവദിച്ച്‌ നല്‍കാന്‍കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

താമരശ്ശേരിയില്‍ നിന്നും വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ബസിനുമുകളില്‍ പൂത്തിരി കത്തിച്ച്‌ ആഘോഷം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അപകടം വിളിച്ചുവരുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതുകൊണ്ട് പരിശോധന ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. ചില സംഘടനകള്‍ പരിശോധനയോട് സഹകരിക്കുന്നുണ്ടെങ്കിലും ചിലര്‍ ഇതിനെ എതിര്‍ത്ത് രംഗത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് സഹകരിക്കാമെന്ന് പറയുകയും മറുവശത്ത് പരിശോധനകളെ കാര്യമാക്കേണ്ട എന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും പരിശോധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന്റെ നന്മയെ കരുതിയാണ് പരിശോധനകളുമായും മറ്റും മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും മുന്നോട്ട് പോവുന്നത്. അതുകൊണ്ട് എല്ലാവരും നിര്‍ബന്ധമായും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ സ്‌കൂളില്‍ നിന്നും വിനോദയാത്ര പുറപ്പെടുന്നതിന് മുമ്ബ് ടൂറിസ്റ്റ് ബസുകള്‍ നടത്തിയ സാഹസിക അഭ്യാസങ്ങളെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ബസുകളുടെ ഫിറ്റ്‌നെസും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ, ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കുകയും നിരവധി ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.