
‘സേവ് ദ ലൈഫ്’; ഹെല്‍മറ്റുമായി വധുവിന്റെയും വരന്റെയും ഫോട്ടോ ഷൂട്ട്; പ്രശംസിച്ച് പൊലീസ്
December 6, 2019 3:48 pm
0
കല്യാണക്കുറികളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ഫോട്ടോ ഷൂട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.
യാത്ര തുടങ്ങാം കരുതലോടെ എന്ന അടിക്കുറിപ്പില്‍ രണ്ട് ഹെല്‍മെറ്റുമായി നില്‍ക്കുന്ന വധുവിന്റെയും വരന്റെയും സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ… ഇത് അത് തന്നെ… അനുകരണീയ മാതൃകയായതിനാല്‍ ഇത് ഞങ്ങളിങ്ങെടുക്കുവാ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ഡിസംബര്‍ ഒന്ന് മുതലാണ് സംസ്ഥാനത്ത് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഷനും കിട്ടും.