
ഒരാഴ്ചയ്ക്കുള്ളില്‍ 460 ടണ്‍ സവാള സംസ്ഥാനത്ത് എത്തും; കിലോ 65 രൂപ
December 6, 2019 11:50 am
0
കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ 460 ടണ്‍ സവാള സംസ്ഥാനത്ത് എത്തിക്കും. സപ്ലൈകോയ്ക്ക് വേണ്ടി ഭക്ഷ്യ വകുപ്പ് 300 ടണ്ണും ഹോര്‍ടികോര്‍പിന് വേണ്ടി കൃഷി വകുപ്പ് 160 ടണ്ണും സവാള എത്തിക്കും. ഈജിപ്ത്, യമന്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 65 രൂപയ്ക്ക് സവാള ലഭ്യമാക്കാനാകും.
മുംബൈയില്‍നിന്ന് ഇവ ജില്ലകളിലെ സപ്ലൈകോ, ഹോര്‍ടികോര്‍പ് വിപണനശാലകള്‍ വഴി ലഭ്യമാക്കും. നാഫെഡ് വഴി ഇറക്കുമതി ചെയ്ത സവാളയാണിത്. രാജ്യത്താകമാനം സവാളയുടെ വില കുതിച്ചുയരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയംമൂലമുണ്ടായ കൃഷിനാശമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. രണ്ട് മാസം മുമ്ബ് കിലോയ്ക്ക് 40 -45 രൂപ നിരക്കില്‍ വിറ്റ സവാളയ്ക്ക് ചാല മൊത്തവ്യാപാര കേന്ദ്രത്തില്‍ വില 142 രൂപയായി. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ 160 രൂപയും.
ഒക്ടോബറില്‍ വില ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ത്തന്നെ സപ്ലൈകോ 40 ടണ്‍ സവാള എത്തിച്ചിരുന്നു. നിലവില്‍ ലഭ്യത കുറവായതിനാല്‍ സംസ്ഥാനത്ത് കനത്ത സവാള ക്ഷാമമുണ്ട്. ഡിസംബര്‍ പന്ത്രണ്ടോടെ മുന്നൂറ് ടണ്‍ എത്തിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ തീരുമാനമായി.
ഹോര്‍ടികോര്‍പ് വഴി ആഴ്ചയില്‍ 40 ടണ്‍ സവാള വീതം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. പൂഴ്ത്തിവയ്പ് തടയാനായി വിപണനകേന്ദ്രങ്ങളില്‍ പരിശോധനയും നടക്കുന്നുണ്ട്. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ പരിശോധന നടത്തുന്നത്.