Wednesday, 23rd April 2025
April 23, 2025

ഉള്ളി വില്‍ക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന് കര്‍ഷക കുടുംബങ്ങള്‍ കൊല്ലത്തേക്ക്

  • December 5, 2019 2:48 pm

  • 0

കൊട്ടിയം: ഇന്ത്യയില്‍ ഉള്ളിയുടെ വില പൊള്ളുന്നു . പൊതു വിപണിയില്‍ ഉള്ളിവില വര്‍ധനവിനെതിരെ അധികൃതര്‍ നടപടിയെടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കേരളം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . അതെ സമയം പുണെയില്‍ സവാള വില കുത്തനെ ഇടിഞ്ഞതോടെ തങ്ങള്‍ സ്വയം കൃഷിചെയ്ത് വിളയിച്ചെടുത്ത സവാള വില്‍ക്കുന്നതിനായി രണ്ട് കുടുംബങ്ങള്‍ സവാളകയറ്റിയ ലോറിയില്‍ കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലെത്തി. മഹാരാഷ്ട്രയിലെ ഖത്രജ് ഗ്രാമത്തില്‍പ്പെട്ട രണ്ടു കുടുംബങ്ങളാണ് ഞായറാഴ്ച രാവിലെ ലോറിയില്‍ 21 ടണ്‍ സവാളയുമായി ഉമയനല്ലൂരിലെത്തിയത്.

കൊല്ലത്തെ പ്രമുഖ സവാള മൊത്തവിതരണക്കാരനും മയ്യനാട് ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ഉമയനല്ലൂര്‍ റാഫിയെ അന്വേഷിച്ചാണ് കുടുംബങ്ങള്‍ ഒരു ലോഡ് സവാളയുമായെത്തിയത്.പുണെയിലെ മാര്‍ക്കറ്റില്‍നിന്ന് റാഫിയുടെ അഡ്രസും വാങ്ങിയാണ് ലോറിയില്‍ ഇവര്‍ എത്തിയത്.

പുണെ വിപണികളിലെ സവാളക്കച്ചവടക്കാരുടെ ചൂഷണത്തെക്കുറിച്ച്‌ നേരിട്ട് ബോധ്യപ്പെടുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എട്ടംഗസംഘം ലോറിയില്‍ കേരളത്തിലേക്ക് തിരിച്ചത്. എണ്‍പത്തിമൂവായിരം രൂപയാണ് ലോറി വാടകയെന്ന് പറയുന്നു . ഒരു കിലോ സവാളയ്ക്ക് നാലുരൂപവരെയാണ് ഇപ്പോള്‍ പുണെ മാര്‍ക്കറ്റിലെ വില. കര്‍ഷകരുടെ കൃഷിയിടങ്ങളിലെത്തി കച്ചവടക്കാര്‍ വാങ്ങുമ്ബോള്‍ ഇതില്‍ പകുതിവില മാത്രമേ കിട്ടുകയുള്ളുവെന്നും ഇവര്‍ പറയുന്നു.

ചിലപ്പോള്‍ ജോലിക്കൂലിപോലും ലഭിക്കാത്ത അവസ്ഥയാണെന്നാണ് ഇവര്‍ പറയുന്നത്. സവാളയ്ക്ക് കേരളത്തില്‍ കിലോയ്ക്ക് 10 മുതല്‍ 11 രൂപവരെയാണ് മൊത്തവില. അമിത വില കിട്ടിയില്ലെങ്കിലും കേരളം കാണാനായ ആഹ്ലാദത്തിലായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികള്‍.