Wednesday, 23rd April 2025
April 23, 2025

അടൂരില്‍ പട്ടികജാതി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹംകഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭര്‍ത്താവ് തന്നെ കൂട്ടിക്കൊടുത്തു

  • December 5, 2019 8:45 pm

  • 0

അടൂര്‍: പീഡന പരമ്ബരയ്ക്ക് ഇരയായ ഇരുപതുകാരിയുടെ പരാതിയില്‍ മൂന്നു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭര്‍ത്താവ് കൂട്ടിക്കൊടുക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കരുവാറ്റയില്‍ പുറമ്ബോക്കില്‍ താമസിക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവ് ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ബിജോയി, വിവാഹം ആലോചിച്ച്‌ നടത്തിക്കൊടുത്ത ജോസഫ് അച്ചന്‍, പ്രാര്‍ഥിക്കാന്‍ പോയ പൂഴിക്കാട്ടെ വീട്ടിലെ അപ്പച്ചന്‍ എന്നിവര്‍ക്കെതിരേയാണ് യുവതിയുടെ മൊഴി. മൂവരെയും പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അടൂര്‍ റവന്യൂ ടവറിലെ തുണിക്കടയില്‍ ജോലി ചെയ്ത യുവതിയെ ജോസഫ് അച്ചന് (ഇയാള്‍ പാസ്റ്ററാണെന്നും പറയുന്നു) പരിചയപ്പെടുത്തിക്കൊടുത്തത് ഒപ്പം ജോലി ചെയ്ത യുവതിയാണ്. കനാല്‍ വികസനം വരുമ്ബോള്‍ പുറമ്ബോക്കിലെ തങ്ങളുടെ വീട് നഷ്ടമാകുമെന്ന സങ്കടം യുവതി എപ്പോഴും കൂട്ടുകാരിയോട് പറഞ്ഞ് കരയുമായിരുന്നു. ഈ അവസരത്തില്‍ കൂട്ടുകാരിയാണ് വിഷമം അകറ്റാന്‍ ജോസഫ് അച്ചനെ സജസ്റ്റ് ചെയ്തത്. അച്ചന്റെ രണ്ടു പ്രാര്‍ഥന മതി എല്ലാ വിഷമവും നീങ്ങുമെന്നും കൂട്ടുകാരി ഉപദേശിച്ചു. അച്ചനുമായി ബന്ധപ്പെട്ടപ്പോള്‍ ഓമല്ലൂര്‍ ചീക്കനാലിന് സമീപമുള്ള ബിജോയിയുടെ വീട്ടിലേക്ക് എത്താന്‍ പറഞ്ഞു. ഇവിടെ നടന്ന പ്രാര്‍ഥനയില്‍ യുവതി പതിവായി പങ്കു കൊണ്ടു. അതിനിടെ ബിജോയിയുമായി പ്രണയം മൊട്ടിട്ടു. ജോസഫ് അച്ചന്‍ വിവരം മനസിലാക്കി. തുടര്‍ന്ന് യുവതിയുടെ കരം പിടിച്ച്‌ ബിജോയിയ്ക്ക് നല്‍കി. എന്നാല്‍ ബിജോയിയുടെ വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പായിരുന്നു. അച്ചന്റെ സഹായത്തോടെ വിവാഹം രജിസ്റ്റര്‍ ചെയ്തു. പീന്നീട് മതം മാറ്റി വിവാഹവും നടത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാന്‍ വൈകിയപ്പോള്‍ അച്ചന്‍ അതിനായി പ്രത്യേക പ്രാര്‍ഥന നടത്തി. ഇതിനിടെയാണ് ഭര്‍ത്താവിന്റെ അനുവാദത്തോടെ യുവതിയെ ജോസഫ് അച്ചന്‍ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. 10 തവണ യുവതിയെ ഇയാള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് യുവതി പ്രതിഷേധിച്ചപ്പോഴാണ് പീഡനം അവസാനിപ്പിച്ചത്. പിന്നീട് പ്രാര്‍ഥനയ്ക്ക് പോയത് പൂഴിക്കാട്ടുള്ള അപ്പച്ചന്റെ വീട്ടിലാണ്. ഇയാളുടെ യഥാര്‍ഥ പേര് പെണ്‍കുട്ടിക്ക് അറിയില്ല. അപ്പച്ചന്‍ എന്നാണ് പോലീസിന് യുവതി മൊഴി നല്‍കിയിരിക്കുന്നത്. അപ്പച്ചനും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. പീഡനത്തില്‍ മനം നൊന്ത യുവതി സ്വന്തം വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയായിരുന്നു. അവരാണ് പോലീസില്‍ പരാതി നല്‍കിയത്. അടൂര്‍ പൊലീസ് യുവതിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.