
രത്നാകരന്‍ പിള്ളയെ പിടിവിടാതെ ഭാഗ്യദേവത
December 4, 2019 7:41 am
0
കിളിമാനൂര്‍: ആറുകോടി രൂപയുടെ സംസ്ഥാന ക്രിസ്മസ് ബംമ്ബര്‍ ഭാഗ്യക്കുറി ജേതാവിന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘നിധിയുടെ’ രൂപത്തില്‍ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. അടുത്തിടെ വാങ്ങിയ 20 സെന്റ് പുരയിടം കിളയ്ക്കുന്നതിനിടെ 2600 (എണ്ണം) പുരാതന ചെമ്ബുനാണയങ്ങളടങ്ങിയ കുടമാണ് രത്നാകരന്‍ പിള്ളയ്ക്ക് ലഭിച്ചത്.
ഇന്നലെ രാവിലെയാണ് കീഴ്പേരൂര്‍ പടിഞ്ഞാറ്റിന്‍കര തിരുവാള്‍ക്കട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള പുരയിടം കിളയ്ക്കുന്നതിനിടയില്‍ വലിയ മണ്‍കുടത്തില്‍ മൂടിയ നിലയില്‍ നാണയങ്ങള്‍ ലഭിച്ചത്.
തൊഴിലാളികളുടെ മണ്‍വെട്ടികൊണ്ട് കുടം പൂര്‍ണമായും തകര്‍ന്നിരുന്നു. രത്നാകരന്‍പിള്ള അറിയിച്ചതനുസരിച്ച് കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി നാണയങ്ങള്‍ ഏറ്റുവാങ്ങി.
നാണയങ്ങളുടെ മൂല്യം കണക്കാക്കിയ ശേഷം ചെറിയൊരു വിഹിതം രത്നാകരന്‍പിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടില്‍ സാമൂഹികസേവന രംഗത്ത് പണ്ട് മുതല്‍ സജീവമായിരുന്നു രത്നാകരന്‍പിള്ള.
നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പേരൂര്‍ വാര്‍ഡില്‍ തുടര്‍ച്ചയായി രണ്ട് വട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. കഴിഞ്ഞവട്ടം വനിതാ വാര്‍ഡായതിനാല്‍ മത്സരിച്ചില്ല. ഇതിനിടയിലാണ് 2018ലെ ക്രിസമസ് ബമ്ബര്‍ സമ്മാനമായ ആറ് കോടി രൂപ രത്നാകരനെ തേടിയെത്തിയത്. സമ്മാനത്തുക ബാങ്കിലിട്ട് സ്വന്തം കാര്യം നോക്കാതെ അതിലൊരു വിഹിതം വിനിയോഗിച്ച് ഭൂരഹിതരായ നിരവധി പേര്‍ക്ക് വസ്തുവും വീടും വച്ച് നല്‍കി.
ഇപ്പോള്‍ നിധികുംഭം ലഭിച്ച വസ്തു ഒന്നരവര്‍ഷം മുന്‍പാണ് രത്നാകരന്‍പിള്ള വിലയ്ക്കുവാങ്ങിയത്. രാജകുടുംബവുമായി ബന്ധമുള്ള ഒരു വൈദ്യ കുടുംബമാണ് പണ്ട് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കിളിമാനൂര്‍ കൊട്ടാരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് പുരയിടം.
23 വര്‍ഷമായി തടിമില്ല് നടത്തിവരികയാണ് പിള്ള. ഭാര്യ ബേബിയും മക്കളായ ഷിബു, രാജേഷ്, രാജീവ്, രജി, രജീഷ് എന്നിവരുമടങ്ങിയതാണു കുടുംബം. ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിവ. ബാലരാമവര്‍മയുടെ ചുരുക്കപ്പേരായ ബി.ആര്‍.വി എന്നെഴുതിയ നാല് കാശ്, എട്ട് കാശ്, ചക്രം എന്ന പാറ്റേണിലുള്ളതാണ് ഭൂരിഭാഗം നാണയങ്ങളും. 20 കിലോയോളം തൂക്കം വരുന്ന ഇവയുടെ വിശദമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ചെമ്ബ് നാണയങ്ങള്‍ 1950 വരെ ഉപയോഗിക്കപ്പെട്ടിരുന്നു.
നാണയങ്ങള്‍ മുഴുവന്‍ ക്ലാവ് പിടിച്ചതിനാല്‍ കെമിക്കല്‍ ക്ലീനിംഗ് നടത്തിയശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. തിരുപാല്‍ക്കടല്‍ ക്ഷേത്രത്തിന്റെ പുറകുവശത്തായാണ് നാണയശേഖരം കണ്ടെത്തിയത്. മുന്‍പ് ക്ഷേത്ര ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമായിരുന്നു ഇതെന്നും നിധി ശേഖരം അമ്ബലവുമായി ബന്ധപ്പെട്ടതാകാമെന്നുമാണ് നിഗമനം.
നാണയങ്ങള്‍ പുരാവസ്തു വകുപ്പിന്റെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. -ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് രാകേഷ് കുമാര്‍ ആര്‍ക്കിയോളജി
വളരെ സന്തോഷം,ജീവിതത്തില്‍ ഇതിലും വലിയ മഹാഭാഗ്യം വരാനില്ല. പാവങ്ങളെ സഹായച്ചതിനുള്ള അംഗീകാരമായിട്ടാണ് കാണുന്നത്. -രത്നാകരന്‍ പിള്ള