Monday, 27th January 2025
January 27, 2025

കേരളം അമിത തുകയ്ക്ക് വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ഛത്തീസ്ഗഢില്‍ പകുതി നിരക്ക്

  • December 3, 2019 4:50 pm

  • 0

തിരുവനന്തപുരം: അമിത തുക നല്‍കിയാണ് സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍. കേരളം ഒന്നരക്കോടി രൂപക്ക് വാടകയ്ക്ക് എടുക്കുന്ന ഹെലികോപ്ടറിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രം.

എന്നാല്‍, പതിനൊന്ന് സീറ്റുള്ള ഇരട്ട എഞ്ചിന്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ ഇങ്ങിനെ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേ സൗകര്യങ്ങളെല്ലാമുള്ള ഹെലികോപ്ടറാണ് ഛത്തീസ്ഗഡ് പൊലീസും ഉപയോഗിക്കുന്നത്.

അമിത തുകയ്ക്കു പിന്നില്‍ രഹസ്യപാക്കേജുകള്‍ ഉണ്ടാകാമെന്നാണ് ഛത്തീസ്ഗഡിന് ഹെലികോപ്ടര്‍ നല്‍കിയ കമ്ബനിയുടെ ആക്ഷേപംഅവര്‍ നല്‍കിയ വാടക ബില്ലിന്റെ പകര്‍പ്പ് പുറത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റില്‍ 24 മണിക്കൂര്‍ പറപ്പിച്ചതിന് ഹൈദരാബാദ് കേന്ദ്രമായ വിംഗ്സ് ഏവിയേഷന് നല്‍കിയത് നികുതിയടക്കം എണ്‍പത്തിയഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ്. കേരളം കരാറൊപ്പിട്ടിരിക്കുന്ന ഡോഫിന്‍ എന്‍3 മോഡല്‍ ഹെലികോപ്ടറാണങ്കില്‍ ഇരുപത് മണിക്കൂറിന് എഴുപത് ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് സര്‍ക്കാരിനോട് അറിയിച്ചിരുന്നതായും കമ്ബനി പറയുന്നു.

കേരളത്തിനേക്കാള്‍ കൂടുതല്‍ നക്സല്‍ ബാധിത മേഖലയാണ് ചത്തീസ്ഗഡ്. എന്നാല്‍, അതേ കാരണം പറഞ്ഞ് വാങ്ങുന്ന ഹെലികോപ്ടറിന് ഇരട്ടി വാടകയെടുക്കുന്നത് മന്ത്രിമാരുടെയടക്കം അധികയാത്രക്കാവാമെന്നാണ് വിലയിരുത്തല്‍.