Monday, 27th January 2025
January 27, 2025

ഫേസ്ബുക്കിലൂടെ പരിചയം, പേരക്കുട്ടിയുടെ പിറന്നാളിനെത്തി മകളുടെ ഭര്‍ത്താവായി,​ ഒടുവില്‍ മോളെ കൊന്ന് കട്ടിലില്‍ ഇട്ട്,​ അവളുടെ കൂട്ടുകാരിക്ക് ആ സന്ദേശങ്ങളയച്ചു

  • December 3, 2019 12:35 pm

  • 0

കൊല്ലം:ദിവസങ്ങള്‍ക്ക് മുമ്ബാണ് യുവതിയെ ഭര്‍ത്താവ് ഭാര്യാവീട്ടിലെത്തി കിടപ്പുമുറിയില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. മുളവന ചരുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ മോഹനന്റെ മകള്‍ കൃതി (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് കൊല്ലം കോളേജ് ജംഗ്ഷന്‍ ദേവിപ്രിയയില്‍ എം. ആര്‍. 12ബിയില്‍ വൈശാഖ് പൊലീസില്‍ കീഴടങ്ങിയതിന് തൊട്ട് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛന്‍.

വൈശാഖ് തന്റെ മകളെ കൊന്ന് കട്ടിലിലിട്ടിട്ട് അതിനടുത്തിരുന്നു,അവളുടെ ഫോണില്‍ നിന്ന് കൂട്ടുകാരിയുമായി 20 മിനിട്ടോളം ചാറ്റ് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ‘ചേട്ടന്‍ പാവമാണ് ഞാന്‍ തെറ്റിദ്ധരിക്കുകയായിരുന്നുഇന്ന് പതിനഞ്ച് ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ട് തന്നു. എനിക്ക് നെഞ്ച് വേദന എടുക്കുന്നു,​കിടക്കട്ടെ,​നാളെ കാണാം‘- എന്നായിരുന്നു ആ സന്ദേശമെന്ന് കൃതിയുടെ അച്ഛന്‍ പറഞ്ഞു.

വൈശാഖുമായിട്ടുള്ളത് കൃതിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ മൂന്ന് വയസുള്ള ഒരു മകളുണ്ട്. ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. കൃതിയുടെ മകളുടെ പിറന്നാള്‍ ദിനത്തില്‍ അതിഥിയായെത്തിയ ഇയാള്‍ സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ഒമ്ബത് മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. യുവാവിന്റെ ആദ്യ വിവാഹമായിരുന്നു.

മാസങ്ങള്‍ക്കുള്ളില്‍ വൈശാഖ് വലിയ സാമ്ബത്തിക ബാദ്ധ്യത വരുത്തിവച്ചു. കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും കൈക്കലാക്കി. ഇതിന് പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയും കൈക്കലാക്കി. പണം ധൂര്‍ത്തടിച്ച്‌ ആര്‍ഭാടജീവിതം നയിച്ച വൈശാഖ് ഭാര്യവീട്ടുകാര്‍ താമസിക്കുന്ന വീടും പുരയിടവും പണയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ തെറ്റിയത്. ഇതേചൊല്ലി ഒക്ടോബര്‍ 14ന് കലഹിച്ച്‌ ഭാര്യവീട്ടില്‍ നിന്നിറങ്ങിയ വൈശാഖ് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു.