15 മിനുട്ടിന്റെ ഇടവേളയില്‍ കവര്‍ന്നത് ഡോക്ടറുടെ ഒരു ലക്ഷം രൂപ
December 3, 2019 11:51 am
0
കൊച്ചി : സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയില്‍ ഡോക്ടറുടെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. 15 മിനുട്ട് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 6.50 മുതല്‍ 7.15 വരെയുള്ള സമയത്തിനിടയിലാണ് പണം നഷ്ടമായത്. 7.28 നാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഡോക്ടര്‍ മുഹമ്മദ് സാബിര്‍ പറഞ്ഞു. വൈകീട്ടും പണം പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനകം കാര്‍ഡ് ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ പണം നഷ്ടമായിട്ടില്ല.
10,000 രൂപ വീതമാണ് പിന്‍വലിച്ചത്. മുണ്ടംവേലിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ് നാലു തവണ പണം പിന്‍വലിച്ചത്. ബാക്കി ആറു തവണ ഇന്‍ഡസ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നുമാണ്. ആദ്യം പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആദ്യതട്ടിപ്പ് നടന്നത് മുണ്ടംവേലിയിലായതിനാല്‍ കേസ് പിന്നീട് തോപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ഈ ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ടെക്‌നീഷ്യന്റെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞയാഴ്ച 45,000 രൂപ നഷ്ടമായതായി പൊലീസില്‍ പരാതിയുണ്ട്. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് പുതിയ തട്ടിപ്പ് നടന്നത്. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് തോപ്പുംപടി പൊലീസ്.