ഉമ തോമസ് എം.എൽ.എ കണ്ണുതുറന്നു; കൈകാലുകൾ അനക്കി, മകൻ സന്ദർശിച്ചു.
December 31, 2024 10:06 am
0
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകൾ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മകൻ ഐ.സി.യുവിൽ കയറി ഉമ തോമസിനെ കണ്ടതായും വിവരമുണ്ട്. രാവിലെ 10 മണിയോടെ എം.എൽ.എയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തുവരും.അതേസമയം, എം.എൽ.എ അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്നാണ് കലൂർ റിനൈ ആശുപത്രി അധികൃതർ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. വെൻ്റിലേറ്ററിൽ തുടരുന്ന അവരുടെ നില കൂടുതൽ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ കുറച്ചുകൂടി ഗൗരവതരമാണെന്ന് ഡോക്‌ടർമാർ പറഞ്ഞിരുന്നു.
ശ്വാസകോശത്തിനേറ്റ ചതവ് കാരണം കുറച്ചുദിവസം കൂടി വെൻറിലേറ്ററിൽ തുടരേണ്ടിവരും. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ മരുന്നുകളാണ് നൽകുന്നതെന്നും ഇന്നലത്തെ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്.
അതിനിടെ, പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സംഘടനക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഇവൻറ് മാനേജ്‌മെൻ്റ് ഏറ്റെടുത്ത ഓസ്‌കർ ഇവൻറ് മാനേജ്മെന്റ് ഗ്രൂപ് ഉടമ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്‌തു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.ജീവൻ അപകടത്തിലാക്കുന്ന അശ്രദ്ധ, ക്രമസമാധാന ലംഘനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. സ്റ്റേജിന് മുൻവശം നടന്നുപോകാൻ വഴിയുണ്ടായിരുന്നില്ല, കൈവരി സ്ഥാപിച്ചില്ല, അശ്രദ്ധയോടെ സ്‌റ്റേജ് നിർമിച്ചു എന്നിങ്ങനെ വീഴ്‌ചകൾ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടി.