എന്താണ് മസ്‌കിൻ്റെ കളി?; ഇറാൻ സ്ഥാനപതിയുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തി
November 15, 2024 11:11 am
0
ന്യൂയോർക്ക്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ ഏറ്റവും ശക്തനായി ഉയർന്നിരിക്കുന്ന വ്യവസായി ഇലോൺ മസ്ക‌്, ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്‌ച നടത്തി. ന്യൂയോർക്കിൽ വെച്ച് അംബാസഡർ ആമിർ സഈദ് ഇറവാനിയുമായിട്ടായിരുന്നു കൂടിക്കാഴ്ച. രഹസ്യ സ്ഥലത്ത് നടന്ന കൂടിക്കാഴ്‌ച, ഒരു മണിക്കൂറിലധികം നീണ്ടു.ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചയായിരുന്നെന്നാണ് രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടിക്കാഴ്‌ച പോസിറ്റീവായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു,എന്നാൽ, വാർത്തയെക്കുറിച്ച് മസ്‌ക് പ്രതികരിക്കാൻ തയാറായിട്ടില്ല. മാത്രമല്ല, സംഭവിച്ചതോ നടക്കാത്തതോ ആയ സ്വകാര്യ മീറ്റിംഗുകളുടെ റിപ്പോർട്ടുകളെക്കുറിച്ച് ഞങ്ങൾ അഭിപ്രായം പറയുന്നില്ല എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ പ്രതികരിച്ചത്
ട്രംപിൻ്റെ അടുത്ത ഉപദേഷ്ടാവ്
യു.എസ് ബഹിരാകാശ പദ്ധതികളിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്ന സ്പേസ് എക്‌സിന്റെ ഉടമയായ മസ്ക് ഇപ്പോൾ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അടുത്ത ഉപദേഷ്ടാവാണ്. ട്രംപ് നടത്തുന്ന പ്രധാന കൂടിക്കാഴ്‌ചകളിലെല്ലാം മസ്‌കിൻ്റെയും സാന്നിധ്യമുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വാദിമർ സെലെൻസ്കിയുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിൽ മസ്‌കും പങ്കെടുത്തിരുന്നു. മ സ്‌കിന്റെ സ്റ്റാർലിങ്ക് യുക്രെയ്ൻ യുദ്ധത്തിൽ നിർണായക സേവനമാണ് നൽകുന്നത്.മാത്രമല്ല, റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായും മസ്‌ക് അടുത്ത സൗഹൃദം പുലർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. മസ്‌കും പുടിനും രണ്ടു വർഷമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ പത്രം റിപ്പോർട്ട് ചെയ്‌തിരുന്നു.തെരഞ്ഞെടുപ്പിൽ ചെലവഴിച്ചത് കോടികൾ
ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായതു മുതൽ മസ്‌കിൻ്റെ പിന്തുണയുണ്ടായിരുന്നു. പലരും ആരെയാണ് പിന്തുണക്കുന്നത് എന്ന് വ്യക്തമാക്കാതിരുന്നപ്പോൾ, മസ്‌ക് ഇത് പരസ്യമായി പ്രഖ്യാപിച്ചു. 100 മില്യൺ ഡോളർ ട്രംപിന്റെ്റെ പ്രചാരണത്തിനായി മസ്‌ക് ചെലവഴിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയം നേടിയപ്പോൾ മസ്കിനെ സവിശേഷ വ്യക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പിന്നാലെ മസിനെ സർക്കാറിന്റെ എഫിഷ്യൻസി ഡിപാർട്‌മെൻ്റ് വകുപ്പ് തലവനായി നിയമിച്ചു.2025 ജനുവരി ആറിന് യു.എസ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് സാധൂകരണം നൽകും. ജനുവരി 20 ന് നടക്കുന്ന ചടങ്ങിൽ നിയുക്ത പ്രസിഡൻ്റ് സത്യപ്രതിജ്ഞ ചെയ്യും.