ജമ്മു കശ്മീരിലെ ഗന്ദർബാലിൽ ഭീകരാക്രമണം: മരണം ഏഴായി, പരിക്കേറ്റവരുടെ നില ഗുരുതരം
October 21, 2024 11:45 am
0
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകയാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. മരണപ്പെട്ടവരിൽ ഒരു ഡോക്ടറും ആറു തൊഴിലാളികളുമാണ് ഉൾപ്പെടുന്നത്.
ശ്രീനഗർ-ലേ തുരങ്ക നിർമാണത്തിന് എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിലാണ് രണ്ട് ഭീകരർ കയറി വെടിയുതിർത്തത്. ജോലി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങിയിരുന്ന തൊഴിലാളികളും ജീവനക്കാരുമാണ് ആക്രമണത്തിന് ഇരയായത്.
ആക്രമണത്തിൽ രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചപ്പോൾ, മറ്റു ചിലർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ നില അതീവ ഗുരുതരമാണ്.
ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന വ്യാപക തിരച്ചിൽ നടത്തിവരികയാണ്. സംഭവത്തെ അപലപിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ലഫ്. ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ രംഗത്തെത്തി.
അമിത് ഷാ, ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഉറപ്പിച്ചു. സംഭവത്തിൽ കൂടുതൽ സുരക്ഷാ നടപടികൾക്കായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാർ സംവിധാനങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.