Wednesday, 22nd January 2025
January 22, 2025

കളം നിറഞ്ഞ് മെസി: ഇറ്റലിയെ തകര്‍ത്ത് ഫൈനലിസിമ കപ്പ് അര്‍ജന്റീനയ്ക്ക്

  • June 2, 2022 10:05 am

  • 0

മാഞ്ചസ്റ്റര്‍: യൂറോ കപ്പ്കോപ്പാ അമേരിക്ക ചാമ്ബ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമ കപ്പ് അര്‍ജന്റീനയ്ക്ക്.ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. ലൗട്ടരോ മാര്‍ട്ടിനസും ഡി മരിയയും പൗളോ ഡിബാലയുമാണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞു. കളിയിലെ താരവും മെസി തന്നെയാണ്.

അപരാജിതരായി 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീന മുന്നേറുന്നത്. വെബ്ലിയില്‍ തുടക്കം മുതല്‍ അര്‍ജന്റീനയുടെ നിയന്ത്രണമായിരുന്നു. 28-ാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം മാര്‍ട്ടിനസ് പന്ത് വലയിലാക്കി ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് ഏഞ്ചല്‍ ഡി മരിയയുടെ ചിപ്പ് ഗോള്‍ ലീഡ് രണ്ടാക്കിയുയര്‍ത്തി. അവസാന മിനിറ്റില്‍ വീണ്ടും മെസിയുടെ നീക്കത്തിനൊടുവില്‍ ഡിബാല ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഫിനിഷിങ്ങിലെ പിഴവും ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമയുടെ മികവും ഇല്ലായിരുന്നെങ്കില്‍ അര്‍ജന്റീനന്‍ വിജയത്തിന് ഇനിയും മാറ്റ് കൂടിയേനെ. ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനിക്ക് ജയത്തോടെയുള്ള വിടവാങ്ങല്‍ കൊടുക്കാനും ഇറ്റലിയ്ക്കായില്ല. 29 വര്‍ഷത്തിന് ശേഷമുള്ള കോപ്പയൂറോ ചാമ്ബ്യന്മാരുടെ പോരാട്ടം അര്‍ജന്റീന ജേഴ്‌സിയില്‍ മെസിക്ക് മറ്റൊരു കിരീടം കൂടി സമ്മാനിച്ചു.