കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെയെ ദില്ലി പോലീസ് മുൻകരുതൽ കസ്റ്റഡിയിലെടുത്തു. കൊണാട്ട് പ്ലേസിൽ സംഘടിപ്പിക്കാനിരുന്ന ‘തിരംഗ യാത്രാ’ പ്രതിഷേധത്തിന് മുന്നോടിയായാണ് ഇന്നലെ വൈകുന്നേരം അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിലേറെ പിന്നിട്ടിട്ടും അഭിജീതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി അഭിഭാഷകരുമായി സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും സി.ജെ.പി ആരോപിച്ചിരുന്നു. ദേശീയ പതാക ഉയർത്താൻ മാത്രമാണ് താൻ പുറപ്പെട്ടതെന്നും യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അഭിജീത് പോലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങളും ഗതാഗത തടസ്സവും ചൂണ്ടിക്കാട്ടിയാണ് പോലീസ് അദ്ദേഹത്തെ തടഞ്ഞുവെച്ചത്.
ഇന്ന് രാവിലെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ദീപ്കെയ്ക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) 126, 170 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഉടൻ തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ഇതേ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഐസ (AISA) പ്രസിഡന്റ് നേഹ ബോറയെ പോലീസ് പിന്നീട് വിട്ടയച്ചു. അഭിജീത് ദീപ്കെയുടെ തടങ്കലിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളും വിവിധ ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്.