ആഗോള വിപണിയിലെ മാറ്റങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വങ്ങളും സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ധനവിന് കാരണമായി. ഇന്ന് സംസ്ഥാനത്ത് ഒരു പവന് സ്വര്ണത്തിന് 160 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 1,08,280 രൂപയായും, ഗ്രാമിന് 20 രൂപ വര്ധിച്ച് 13,535 രൂപയായും ഉയര്ന്നു.
അമേരിക്കയിലെ ഉയര്ന്ന പണപ്പെരുപ്പ നിരക്കും, അതിനെ പ്രതിരോധിക്കാന് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഇനിയും കൂട്ടിയേക്കുമെന്ന സൂചനകളുമാണ് പ്രധാനമായും സ്വര്ണ വിപണിയെ സ്വാധീനിക്കുന്നത്. പലിശനിരക്ക് ഉയര്ത്തുന്നത് സ്വര്ണത്തിന്റെ നിക്ഷേപമൂല്യത്തെയും ആകര്ഷണത്തെയും ബാധിക്കുമെങ്കിലും, ഇതുസംബന്ധിച്ച് യുഎസ് കേന്ദ്രബാങ്ക് ഔദ്യോഗികമായി അന്തിമ വ്യക്തത വരുത്താത്തത് വിപണിയില് താത്കാലികമായ ചാഞ്ചാട്ടങ്ങള്ക്ക് വഴിവെച്ചിട്ടുണ്ട്.
ഇതിനുപുറമേ ആഗോളതലത്തിലെ ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകളും സ്വര്ണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്ഡ് ക്രൂഡ് ഓയില് വില ബാരലിന് 109 ഡോളറിനും മുകളിലാണ് തുടരുന്നത്. സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘര്ഷസാഹചര്യങ്ങളും ആഗോള വിപണിയില് ക്രൂഡ് ഓയില് വില ഉയര്ന്നുനില്ക്കാന് കാരണമായിട്ടുണ്ട്. ഈ ആഗോള രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളാണ് കേരളത്തിലും സ്വര്ണവിലയില് പ്രതിഫലിക്കുന്നത്.
കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള സ്വര്ണവിലയിലെ എക്കാലത്തെയും വലിയ റെക്കോര്ഡ്. കഴിഞ്ഞ വര്ഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് സ്വര്ണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള വിപണിയിലെ പുതിയ സംഭവവികാസങ്ങള് വരും ദിവസങ്ങളിലും സ്വര്ണവിലയെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന ആകാംക്ഷയിലാണ് നിക്ഷേപകരും ഉപഭോക്താക്കളും.