വസ്ത്രധാരണ രംഗത്തെ പ്രമുഖ ബ്രാൻഡായ ട്രെൻഡ്സും ഇംപ്രസാരിയോയും സംയുക്തമായി സംഘടിപ്പിച്ച ‘ട്രെൻഡ്സ് ഇംപ്രസാരിയോ മിസ് കേരള 2026’ മനോഹരമായ ഗ്രാന്റ് ഫിനാലെയോടെ സമാപിച്ചു. ചടങ്ങിൽ സാമൂഹ്യപ്രവർത്തന രംഗത്തെ സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച് പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി ആദരിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് പുരസ്കാരം സമ്മാനിച്ചത്. ഇന്ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഫാഷൻ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഗ്രാന്റ് ഫിനാലെയിൽ മിസ് കേരള 2026 കിരീടം പി. ചിത്രമ്പാരി സ്വന്തമാക്കി. വിജയിക്ക് മന്ത്രി ആർ. ബിന്ദു കിരീടം അണിയിച്ചു.
സാധാരണക്കാരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കായി ദീർഘകാലമായി പോരാടുന്ന ദയാബായിയുടെ സാമൂഹിക ഇടപെടലുകൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ ഉപഹാരം. സാമൂഹ്യനന്മയ്ക്കായി ജീവിക്കുന്ന വ്യക്തിത്വങ്ങളെ ഇത്തരമൊരു വലിയ വേദിയിൽ ആദരിക്കുന്നത് യുവതലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് മന്ത്രി ബിന്ദു വ്യക്തമാക്കി. ഫാഷൻ സൗന്ദര്യ മത്സരങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധത കൂടി മുൻനിർത്തിയാണ് ഇത്തവണത്തെ ഇംപ്രസാരിയോ മിസ് കേരള സംഘടിപ്പിച്ചത്. വർണ്ണാഭമായ കലാപരിപാടികളും ഫാഷൻ ഷോയും ഉൾപ്പെടെ വൈവിധ്യമാർന്ന ചടങ്ങുകളോടെയാണ് മിസ് കേരള വേദി സമാപിച്ചത്.