Blog Post

Karanavars > News > Accident > നെടുമ്പാശ്ശേരി അപകടം: സുഹൈലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

നെടുമ്പാശ്ശേരി അപകടം: സുഹൈലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

എറണാകുളം നെടുമ്പാശ്ശേരിയിൽ ആഡംബര മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് നൽകിയ ജാമ്യാപേക്ഷയിൽ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്. അപകടസമയത്ത് ഒന്നാം പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് രക്തപരിശോധനാ ഫലത്തിൽ കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമായ അളവിലും അഞ്ചിരട്ടിയോളം മദ്യത്തിന്റെ അംശം ശരീരത്തിലുണ്ടായിരുന്നതായി പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ പ്രതികൾക്ക് യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്ന ശക്തമായ നിലപാടിലാണ് പ്രോസിക്യൂഷൻ. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സ്കൂട്ടറിൽ മൂന്ന് പേർ സഞ്ചരിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് ഇന്നലെ പ്രതിഭാഗ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, മൂന്നുപേർ സഞ്ചരിച്ചതുകൊണ്ടാണോ കാറിടിച്ച് വീഴ്ത്തിയതെന്ന് കോടതി മറുചോദ്യം ഉന്നയിച്ചിരുന്നു. കേസിന്റെ തുടക്കം മുതൽ പ്രതിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിനും അപകടസ്ഥലത്തും പ്രതി മദ്യപിച്ച ബാറുകളിലുമെത്തിച്ചുള്ള തെളിവെടുപ്പിനും ശേഷമാണ് സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നീ പ്രതികളെ കോടതിയിൽ ഹാജരാക്കി കാക്കനാട് തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്. മൂന്ന് നിരപരാധികളുടെ ജീവനെടുത്ത ദുരന്തത്തിൽ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന പൊതുജനവികാരവും ശക്തമാണ്. ഈ സാഹചര്യത്തിൽ കോടതിയുടെ ഇന്നത്തെ തീരുമാനം കേസിൽ ഏറെ നിർണായകമാകും.

Leave a comment

Your email address will not be published. Required fields are marked *