മാസപ്പടി വിവാദ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്ന് സംസ്ഥാന സർക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ (എ.ജി) ഔദ്യോഗിക നിയമോപദേശം ലഭിച്ചു. സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാണ് എ.ജി ഈ നിർണായക നിയമോപദേശം ആഭ്യന്തര വകുപ്പിന് കൈമാറിയത്.
സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടിയിനത്തിൽ പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് കത്ത് നൽകിയിരുന്നു. പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നും ഇതിൽ മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നുമാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. ഡിജിപി സർക്കാരിന് കൈമാറിയ ഈ കത്തും അനുബന്ധ രേഖകളുമാണ് ഇപ്പോൾ നിയമോപദേശത്തിനായി പരിശോധിച്ചത്.
ഇഡി ചൂണ്ടിക്കാണിച്ച കാര്യങ്ങളിൽ പലതും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ വിജിലൻസ് അന്വേഷണത്തിനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ, സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.