ബി.ജെ.പിയുടെ ഇഷ്ട ആയുധമാണ് ഇ.ഡി പരിശോധന, ഞങ്ങള്‍ക്ക് ഭയമില്ല -രാഹുല്‍ ഗാന്ധി
January 19, 2022 12:36 pm
0
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയില്‍ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്.
ഇത്തരം പരിശോധനകളെ ഭയക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
‘ബി.ജെ.പിയുടെ ഇഷ്ട ആയുധമാണ് ഇ.ഡി പരിശോധന, കാരണം അവര്‍ക്ക് ഒളിച്ചുവെക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. എല്ലാവരും നിങ്ങളെപ്പോലെയല്ല. ഞങ്ങള്‍ക്ക് ആരെയും പേടിയില്ല‘ –രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി പരിശോധന. പരിശോധനയില്‍ ആറു കോടി രൂപ കണ്ടെടുത്തതായി ഇ.ഡി അറിയിച്ചിരുന്നു. ചന്നിയുടെ ബന്ധുവായ ഭൂപീന്ദര്‍ സിങ് ഹണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ നാലു കോടി രൂപയും സന്ദീപ് കുമാര്‍ എന്ന വ്യക്തിയുടെ വീട്ടില്‍നിന്ന് രണ്ടുകോടി രൂപയും കണ്ടെടുത്തതായി പറയുന്നു. ഭൂപീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ ഉള്‍പ്പെടെ 10 ഇടങ്ങളിലായിരുന്നു പരിശോധന.
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് ജനങ്ങള്‍ മറുപടി പറയുമെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
ഇ.ഡിയെ ബി.ജെ.പിയുടെ ‘ഇലക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്‘ എന്ന് വിശേഷിപ്പിച്ച ശേഷമായിരുന്നു വിമര്‍ശനം. രാജ്യത്തെ ഏക ദലിത് മുഖ്യമന്ത്രിക്കെതിരെ മുന്‍വിധിയോടെയാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.