Tuesday, 22nd April 2025
April 22, 2025

നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ല; കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

  • January 17, 2022 12:07 pm

  • 0

ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്ന ഒരു എസ്‌ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

വ്യക്തികളുടെ സമ്മതം കൂടാതെ നിര്‍ബന്ധിച്ച്‌ വാക്‌സിന്‍ നല്‍കില്ലെന്നും വാക്‌സിന്‍ എടുക്കുന്നവരോട് അതിന്‍്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ വിശദീകരിക്കാറുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഭിന്നശേഷിക്കര്‍ക്ക് വാക്‌സിനേഷന്‍ എളുപ്പത്തില്‍ ലഭ്യമാക്കണമെന്ന് ഹരജിയോട് പ്രതികരിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

എല്ലാ പൗരന്മാരും വാക്സിനേഷന്‍ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും, പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നും, അത് സുഗമമാക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. വികലാംഗര്‍ക്ക് മൊത്തം 23,678 ഡോസ് വാക്സിനുകള്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വികലാംഗര്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ ഫീച്ചറുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. വികലാംഗ അവകാശ സംഘടനയായ എവാര ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, വികലാംഗര്‍ക്ക് വാക്സിനേഷന്‍ എളുപ്പമാക്കുന്നതിന് ആവശ്യമായ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.