Friday, 24th January 2025
January 24, 2025

ഹര്‍ത്താലിനിടെ സ്വകാര്യസ്വത്തില്‍ കൈവെച്ചാല്‍ ഇനി കളിമാറും…

  • November 15, 2019 3:00 pm

  • 0

ഹര്‍ത്താലിന്റെയും പ്രകടനത്തിന്റെയും മറവില്‍ സ്വകാര്യസ്വത്ത് അടിച്ചു തകര്‍ക്കാം എന്ന് വിചാരിക്കേണ്ട. സ്വകാര്യസ്വത്തിന് നാശം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി. ഇതുപ്രകാരം കുറഞ്ഞത് അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് അക്രമകാരികളെ കാത്തിരിക്കുന്നത്.

തീകൊണ്ടോ സ്‌ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ പത്തുവര്‍ഷം വരെയാകാവുന്നതും അഞ്ചുവര്‍ഷത്തില്‍ കുറയാത്തതുമായ ശിക്ഷ ലഭിക്കാം. വര്‍ഗീയ ലഹള, ബന്ദ്, പ്രകടനം, മാര്‍ച്ച്‌, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ തുടങ്ങിയ ഏതുവിധത്തിലുമുള്ള സംഘംചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

ചെറിയ നാശനഷ്ടങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും നാശനഷ്ടമല്ല അതിനുപിന്നിലെ കുറ്റകൃത്യമാണു കാണേണ്ടതെന്നും ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നതാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു.