Friday, 24th January 2025
January 24, 2025

വേണാട് സൗത്ത്സ്റ്റേഷൻ ഒഴിവാക്കുന്നു…

  • November 15, 2019 2:00 pm

  • 0

തിരുവനന്തപുരംഷൊർണൂർ വേണാട് എക്സ്പ്രസിന്റെ എറണാകുളം ജങ്ഷൻ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിൽ റെയിൽവേ. പുതിയ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) റേക്ക് വന്നതോടെ എറണാകുളം സൗത്തിൽ അധികം സമയമെടുക്കേണ്ടിവരുന്നതാണ് കാരണമായി പറയുന്നത്.

ദിശ മാറ്റാതെ പോകാം

സൗത്ത് സ്റ്റേഷൻവഴി പോകുമ്പോൾ തീവണ്ടിയുടെ ദിശ മാറ്റേണ്ടിവരും. പഴയ റേക്ക് ആയിരുന്നപ്പോൾ എൻജിൻ ദിശ മാറ്റിസ്ഥാപിക്കാൻ 20 മിനിറ്റാണ് സൗത്ത് സ്റ്റേഷനിൽ എടുത്തിരുന്നത്. പുതിയ എൽ.എച്ച്.ബി. റേക്കിൽ ഹെഡ് ഓൺ ജനറേഷൻ എന്ന രീതിയാണുള്ളത്. ഇതിൽ എൻജിനിൽനിന്നാണ് കോച്ചുകളിലേക്ക് വൈദ്യുതി നൽകുന്നത്.

ഇലക്‌ട്രിക്കൽ ഭാഗങ്ങൾ പൂർണമായും വിച്ഛേദിച്ചാണ് എൻജിൻ മാറ്റിസ്ഥാപിക്കുന്നത്. എൻജിൻ യോജിപ്പിച്ച ശേഷം വീണ്ടും ഇലക്‌ട്രിക്കൽ ഭാഗങ്ങൾ ഘടിപ്പിച്ച് പരിശോധന നടത്തണം. ഇതിന് 40 മിനിറ്റോളം വേണം. അതിനാൽ സൗത്ത് സ്റ്റേഷനിൽ കയറാതെ ഈ സമയം ലാഭിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. നോർത്ത് വഴി പോകുകയാണെങ്കിൽ ദിശമാറാതെ നേരെ പോകാം.

യാത്രക്കാരെ ബാധിക്കില്ലറെയിൽവേ

നിലവിൽ വൈകീട്ട് 5.25-നാണ് വേണാട് എക്സ്പ്രസ് സൗത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട സമയം. ഇപ്പോൾ 5.45 വരെയെങ്കിലും വൈകുന്നുണ്ട്. സൗത്തിലെത്താൻ വേണാടിനെ ആശ്രയിക്കുന്നവർക്ക് മെമു തുടങ്ങാനും ആലോചിക്കുന്നുണ്ട്.

കൊല്ലത്തുനിന്ന് രാവിലെ 5.45-ന്‌ പുറപ്പെട്ട് 9.50-ന് എറണാകുളം സൗത്തിൽ എത്തുന്ന മെമുവാണ് പരിഗണനയിലുള്ളത്. വൈകുന്നേരം സൗത്ത് സ്റ്റേഷനിൽനിന്ന് വേണാടിൽ യാത്ര ചെയ്തിരുന്നവർക്കായി 6.30-ന് എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്ന കായംകുളം പാസഞ്ചറിന്റെ സമയം ക്രമീകരിക്കും. എറണാകുളം സൗത്തിൽനിന്ന് വൈകുന്നേരം 5.45-നും ആറിനും ഇടയിൽ പുറപ്പെടുന്ന രീതിയിലായിരിക്കും പാസഞ്ചർ ക്രമീകരിക്കുക. പുതിയ മെമു വരുന്നതോടെ രാവിലെയുള്ള വേണാട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.