സൈനാ നെഹ്‌വാളിനോട് അശ്ലീലപദ പ്രയോഗം നടത്തിയ സിദ്ധാര്‍ത്ഥ് മാപ്പ് ചോദിച്ചു, അത്തരം വാക്കുകള്‍ ഉപയോഗിക്കരുതായിരുന്നെന്ന് ബാഡ്മിന്റണ്‍ താരം
January 12, 2022 4:04 pm
0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ അപലപിച്ച ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാളിനെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ത്ഥ് ഒടുവില്‍ മാപ്പ് പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്നായിരുന്നു സൈനയുടെ ട്വീറ്റ്. ഇതിനുള്ള മറുപടിയില്‍ ‘കെട്ടിച്ചമച്ച കഥ‘ എന്ന അര്‍ത്ഥത്തില്‍ സിദ്ധാര്‍ത്ഥ് നടത്തിയ പ്രയോഗത്തിന് അശ്ലീലവ്യാഖ്യാനം വന്നതാണ് വിവാദത്തിന് കാരണം.
താന്‍ ഒരു തമാശ പറയാന്‍ ശ്രമിച്ചതാണെന്നും എന്നാല്‍ ആ തമാശ മറ്റുള്ളവരിലേക്ക് ശരിയായ രീതിയില്‍ എത്തിയില്ലെന്നും അതിന് താന്‍ മാപ്പ് ചോദിക്കുന്നെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇന്ന് ട്വിറ്ററില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലാണ് സിദ്ധാര്‍ത്ഥ് ക്ഷമ ചോദിച്ചത്. സൈന എന്നും തന്റെ ചാമ്ബ്യന്‍ ആണെന്നും അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
മാപ്പ് പറയാന്‍ തയ്യാറായത് നന്നായെന്നും എന്നാല്‍ സിദ്ധാര്‍ത്ഥ് പ്രയോഗിച്ച തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നെന്ന് സൈന പ്രതികരിച്ചു. അനാവശ്യമായ ഒരു വിവാദമായിരുന്നെന്നും തന്റെ പേര് ട്വിറ്ററില്‍ ട്രെന്‍ഡിംഗില്‍ വന്നത് കണ്ട് താന്‍ തന്നെ ഞെട്ടിപ്പോയെന്നും സൈന പറഞ്ഞു. താന്‍ ഇന്ന് വരെ സിദ്ധാര്‍ത്ഥിനെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം എന്തിന് ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചെന്ന് അറിയില്ലെന്നും സൈന പറഞ്ഞു.