Thursday, 23rd January 2025
January 23, 2025

സിനിമ സംവിധായകന്‍്റെ സൃഷ്ടി, ‘ചുരുളി’ പ്രദര്‍ശനത്തിലൂടെ നിയമ ലംഘനം നടന്നതായി തോന്നുന്നില്ല; ഹൈക്കോടതി

  • January 7, 2022 1:47 pm

  • 0

ചുരുളി സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലന്ന് ഹൈക്കോടതി.ചിത്രം പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണന്നും ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം. എന്നാല്‍ പ്രദര്‍ശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

സിനിമ ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലന്ന് കോടതി അഭിപ്രായപ്പെട്ടു.

സിനിമ സംവിധായകന്‍്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണന്നും ഹര്‍ജി പരിശോധിക്കുമ്ബോള്‍ ഇക്കാര്യം പരിഗണിക്കാതിരിക്കാനാവില്ലന്നും കോടതി പറഞ്ഞു. വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ല. ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ പ്രഥമ ദൃഷ്ട്യാ ക്രിമിനല്‍ കുറ്റം നന്നതായി തോന്നുന്നില്ലന്നും കോടതി വ്യക്തമാക്കി.

സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമം ലംഘിച്ചെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല ഹര്‍ജിക്കാരുടെ ആക്ഷേപമെന്നും ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചാണ് പരാതി എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രദര്‍ശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.