വോട്ട് തരൂ, 200 രൂപയുടെ മദ്യം 50 രൂപയ്ക്ക് തരാം: വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷന്‍……
December 29, 2021 1:12 pm
0
വിജയവാഡ: 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു. ചൊവ്വാഴ്ച വിജയവാഡയിൽ വെച്ച് നടന്ന യോഗത്തിൽ വെച്ചായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം.
ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകുമെന്ന് സോമു വീർരാജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഒരു ക്വാര്‍ട്ടറിന് 200 രൂപയ്ക്കാണ് ആന്ധ്രാപ്രദേശ് സർക്കാർ നിലവിൽ മദ്യം വിൽക്കുന്നത്. എന്നാൽ സർക്കാർ വിൽക്കുന്നത് നിലവാരമില്ലാത്ത മദ്യമാണെന്നും വ്യാജ ബ്രാൻഡുകളുമാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവാരമുള്ള പല ബ്രാൻഡ് മദ്യങ്ങളും സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തിൽ വന്നാൽ ഏറ്റവും നല്ല മദ്യം വിലക്കുറവിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.