മികച്ച ആരോഗ്യ പ്രകടനമുളള സംസ്ഥാനം കേരളം; മോശം ഉത്തര്‍പ്രദേശ്
December 27, 2021 4:46 pm
0
ഡല്‍ഹി: സംസ്ഥാനങ്ങളുടെ മൊത്തത്തില്‍ ഉള്ള ആരോഗ്യ പ്രകടനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിലാണ് സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തിയത്.
ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന സംസ്ഥാനം. നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന സൂചികയാണ് ഇത്.
2019 – 20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക ആണ് നീതി ആയോഗ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നീതി ആയോഗിന്റെ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നിലുള്ളത് ഉത്തര്‍പ്രദേശ് ആണ്. എന്നാല്‍, പട്ടികയില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഇത്തവണയും രണ്ടാം സ്ഥാനം സ്വന്തമാക്കി.
തെലങ്കാന ആണ് മൂന്നാമത്. തൊട്ട് പിന്നില്‍ ആന്ധ്രാപ്രദേശ് നാലാം സ്ഥാനും എത്തി. അതേസമയം, ആരോഗ്യ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശ് ആണെന്ന് പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നുണ്ട്. ചെറു സംസ്ഥാനങ്ങളില്‍ മിസോറാം ആണ് ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടിയ സംസ്ഥാനമായി മാറിയത്.
അതേസമയം, നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്നില്‍ ആണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടം ആണ് കേരളം കൈവരിച്ചതെന്നും വിനോദ് കുമാര്‍ പറഞ്ഞിരുന്നു.