ഒമിക്രോണ്‍; യുപിയിലും രാത്രികാല കര്‍ഫ്യൂ; നാളെ മുതല്‍ പ്രാബല്യത്തില്‍
December 24, 2021 3:17 pm
0
ലക്നൗ: രാജ്യത്ത് ഒമിക്രോണ്‍ (Omicron ) രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ (Night Curfew) പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ (UP Government).
രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധ്യ പ്രദേശില്‍ (Madhya Pradesh) കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുപിയിലും രാത്രികാല സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. രോഗവ്യാപനം തടയാന്‍ നിയന്ത്രണ നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
യുപിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ വിവരം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പൊതു ചടങ്ങുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ളവയ്ക്ക് 200 പേരില്‍ കൂടുതല്‍ പ്രവേശനം അനുവദിക്കില്ലെന്നും വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാസ്ക് ധരിക്കാതെ എത്തുന്ന ആളുകള്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നയവുമായി വ്യാപാരികള്‍ മുന്നോട്ട് വരണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.