Monday, 21st April 2025
April 21, 2025

ഇന്ത്യന്‍ ടീമിന് എപ്പോള്‍ വേണമെങ്കിലും തിരികെ പോകാം; കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കാം; ബിസിസിഐയോട് ക്രിക്കറ്റ് സൗത്ത്‌ആഫ്രിക്ക

  • December 22, 2021 3:45 pm

  • 0

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ(South Africa tour) മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ കളിക്കാര്‍ക്ക്(Indian players) കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക.

സൗത്ത് ആഫ്രിക്കയില്‍ കോവിഡ് സാഹചര്യം രൂക്ഷമായാല്‍ പരമ്ബര പാതി വഴിയില്‍ നിര്‍ത്താമെന്ന ഉറപ്പും ബിസിസിഐക്ക് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കി.

കോവിഡ് സാഹചര്യം രൂക്ഷമാവുകയും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ ഇന്ത്യന്‍ സംഘത്തെ അനുവദിക്കും എന്ന ഉറപ്പ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കുന്നു. ‘ഇവിടെയുള്ളപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ സുരക്ഷയ്ക്ക് വേണ്ടതെല്ലാം ചെയ്യുക മാത്രമല്ല, എന്ത് കാരണം കൊണ്ടാണ് എങ്കിലും തിരിച്ചു പോകാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് മുന്‍പില്‍ വഴി തുറന്ന് കൊടുക്കും.’- ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം. ഇവിടെ ടീമിന്റെ താമസത്തിന് വേണ്ട എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കും. ഇന്ത്യന്‍ കളിക്കാര്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നാലുള്ള സാഹചര്യം മുന്‍പില്‍ കണ്ട് ആശുപത്രിയില്‍ ബെഡുകള്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ക്രമീകരിച്ചതായും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ഒമിക്രോണിന്റെ ഭീഷണിക്ക് ഇടയിലും സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 26നാണ് ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരം. മൂന്ന് ടെസ്റ്റുകളുടെ പരമ്ബരക്ക് ശേഷം മൂന്ന് ഏകദിനവും ഇന്ത്യ ഇവിടെ കളിക്കും.