Thursday, 23rd January 2025
January 23, 2025

രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാന്‍ കേന്ദ്ര ശ്രമം

  • December 22, 2021 12:08 pm

  • 0

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി.

ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും. അതേ സമയം ഒറ്റ വോട്ടര്‍ പട്ടികക്കുള്ള നീക്കത്തെ പ്രതിപക്ഷം എതിര്‍ത്തു. സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന നീക്കമെന്ന്
നിയമ മന്ത്രാലയത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റിയില്‍ പ്രതിപക്ഷം വിമര്‍ശിച്ചു.

ആധാറുമായി വോട്ടര്‍ ഐഡി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി കഴിഞ്ഞ ദിവസം പാര്‍ലമെന്ററി ജനാധിപത്യത്തിന് വിരുദ്ധമായി ഇരു സഭകളിലും പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യത്ത് ഏക വോട്ടര്‍ പട്ടിക നടപ്പിലാക്കാനുള്ള ശ്രമങ്ങളും മോദി സര്‍ക്കാര്‍ തുടങ്ങിയത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ബിജെപി ലക്ഷ്യത്തിലേക്കെത്താനാണ് പുതിയ നീക്കങ്ങള്‍.നിയമ നിര്‍മ്മാണം നടത്താതെ,സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ മുഖേന ഏക വോട്ടര്‍പട്ടിക നടപ്പിലാക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമ മന്ത്രാലയത്തിന്റെ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏക വോട്ടര്‍പട്ടിക സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അവതരണം നടത്തി.

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള വോട്ടര്‍പട്ടികയുടെ ചുമതല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

നിലവില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ് ലോക്സഭ,നിയമസഭാ, പഞ്ചായത്തു തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഇത് അട്ടിമറിക്കുകയാണ് കേന്ദ്ര ലക്ഷ്യം.ഇത്തരത്തില്‍ സംസ്ഥാനത്തിനുള്ള ഭരണഘടന അവകാശത്തെയാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

അതേ സമയം നിയമ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ്കമ്മിറ്റിയില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു..ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കുന്നത് സംസ്ഥാന തിരഞ്ഞടുപ്പ് ഓഫീസര്‍മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.