Tuesday, 22nd April 2025
April 22, 2025

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം; നിയമഭേദഗതി ലോക്‌സഭ പാസാക്കി

  • December 20, 2021 4:16 pm

  • 0

ന്യൂഡല്‍ഹി: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.

ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്ബര്‍ ആവശ്യപ്പെടാന്‍ ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അനുവാദം നല്‍കുന്നതാണ് ബില്‍. വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്ബര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അനുമതി നല്‍കുന്നു.

ഒന്നിലധികം നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ പേരു വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണം. അതേസമയം ആധാര്‍ നമ്ബര്‍ നല്‍കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെയും ഒഴിവാക്കരുതെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. വോട്ടവകാശം ആദ്യമായി ഉപയോഗിക്കാന്‍ പോകുന്നവര്‍ക്ക് വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലുതവണ വരെ അവസരം നല്‍കുന്നതുമാണ് ബില്‍.